ടോക്കിയോ: ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനത്തില്‍ 15 മരണം. നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കടിയിലും മറ്റും കുടുങ്ങിക്കിടക്കുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ജപ്പാനിലെ കുമാമോട്ടോയിലായിരുന്നു ഭൂചലനം. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ 1.25 നാണ് ഭൂചലനമുണ്ടായത്. ഡാം തകര്‍ന്നതിനെ തുടര്‍ന്ന് ഒരു ഗ്രാമത്തിലെ ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി ഒരു ദിവസം പിന്നിടുമ്പോഴാണ് അതേ സ്ഥലത്തുതന്നെ രണ്ടാം ചലനവും അനുഭവപ്പെട്ടത്. തുടര്‍ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പിന്‍വലിച്ചതായി അധികൃതര്‍ അറിയിച്ചു.