റമദാന്‍ കഴിഞ്ഞോട്ടെ അപരനിങ്ങെത്തും. ഉമ്മന്‍ചാണ്ടിയെ നേരില്‍ കാണാന്‍.

റിയാദ്‌ :ഒരാളെപ്പോലെ ഏഴ്‌ പേരുണ്ടെന്നാണ്‌ വിശ്വാസം. ഈ വിശ്വാസം നിലനില്‍ക്കെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അപരനെ നേരില്‍ കണ്ടാലോ? താല്‍പര്യമുള്ളവര്‍ ഈ കൂടിക്കാഴ്‌ചയ്‌ക്ക് തയ്യാറായിക്കൊളൂ. കാരണം സോഷ്യല്‍ മീഡിയകളിലൂടെ കേരളത്തിലും തരംഗമായ നമ്മുടെ മുഖ്യന്റെ അപരന്‍ ദൈവത്തിന്റെ സ്വന്തം നാട്‌ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്‌. ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള തന്റെ അപരനായ ഉമ്മന്‍ ചാണ്ടിയെ നേരിട്ട്‌ കാണുകയാണത്രെ ഇദ്ദേഹത്തിന്റെ കേരള സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

സൗദി അറേബ്യയിലെ ജിസാനില്‍ ഉള്ള ഹസന്‍ അല്‍ അസീരിക്കാണ്‌ മുഖ്യന്റെ അപരനെന്ന നിലയില്‍ പ്രശസ്‌തനായത്‌. ഒരു കൗതുകത്തിനായി കോഴിക്കോട്‌ മാവൂര്‍ സ്വദേശി ലത്തീഫ്‌ പകര്‍ത്തിയ സൗദിയിലെ ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തത്‌ വൈറലായിരുന്നു. പിന്നീട്‌ അസീരിയെ കണ്ട മലയാളികളില്‍ ചിലര്‍ അദ്ദേഹത്തോട്‌ സലാം പറഞ്ഞ്‌ അടുത്തുകുടി ഒപ്പം നിന്ന്‌ സെല്‍ഫിയും എടുത്തു. ഇതില്‍ ചിലര്‍ തങ്ങളുടെ പ്രീയപ്പെട്ട മുഖ്യമന്ത്രിയുടെചിത്രം അസീരിക്ക്‌ മൊബൈലില്‍ കാണിച്ചുകൊടുത്തു. ഇതോടെയാണ്‌ ഉമ്മന്‍ ചാണ്ടിയെ നേരിട്ട്‌ കാണാനുള്ള ആഗ്രഹം അസീരില്‍ കടന്നുകൂടിയത്‌.

പെരുനാളിന്‌ ശേഷം താന്‍ കേരളവും പ്രീയപ്പെട്ട ഉമ്മന്‍ ചാണ്ടിയെയും സന്ദര്‍ശിക്കുമെന്ന്‌ അസീരി മാധ്യമങ്ങളോട്‌
പറഞ്ഞു. ഇദ്ദേഹത്തിന്റെ മാതാവ്‌ ഇന്ത്യന്‍ വംശജയാണ്‌. പെരുന്നാള്‍ അവധിക്ക്‌ സൗദിയിലെ മറ്റു പ്രവിശ്യകളില്‍ നിന്നും തങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ അപരനെ നേരില്‍ കാണാനുള്ള ഒരുക്കത്തിലാണ്‌ ഒ.ഐ.സി.സിയിലെ ചില ഭാരവാഹികള്‍.

© 2024 Live Kerala News. All Rights Reserved.