ടോക്കിയോ: ജപ്പാനില്‍ നാഗസാക്കിക്ക് സമീപ പ്രദേശമായ മാശിക്കിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ ഒമ്പത് പേര്‍ മരിച്ചു. 761 ലേറെ പേര്‍ക്ക് പരിക്കേറ്റു. യുഎസ് ജിയോഗ്രാഫിക്കല്‍ സര്‍വേ അടിസ്ഥാനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കൂടുതല്‍ ആളുകള്‍ അകപ്പെട്ടിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജപ്പാനിലെ ക്യുഷു ദ്വീപിലെ കുമമാറ്റോ നഗരത്തില്‍ പ്രാദേശിക സമയം രാത്രി 9.26നാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്. ഭൂചലനത്തേ തുടര്‍ന്ന് 20 സെക്കന്റോളം ഭൂമി കുലുങ്ങിയതായി പ്രദേശവാസികള്‍ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. ശക്തമായ കമ്പനത്തോടുകൂടി കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഭൂചലനം ഏതാണ്ട് 7,50,000 പേരെ ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 10 കിലോമീറ്ററോളം ദൂരത്തില്‍ ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടിരുന്നു. അതേസമയം സുനാമി സാധ്യതയില്ലെന്നാണ് ഭൗമശാസ്ത്രഞ്ജരുടെ വിശദീകരണം.