‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ ചെയ്യാന്‍ ഞാന്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു; ചിത്രത്തെക്കുറിച്ചുള്ള ആശയങ്ങളും സംഭാഷണങ്ങളും ലഭിച്ചത് സ്വപ്‌നത്തില്‍ നിന്നെന്ന് വിനീത് ശ്രീനിവാസന്‍

കൊച്ചി: ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ എന്ന ചിത്രം ചെയ്യാന്‍ താന്‍ തെരഞ്ഞെടുക്കപ്പെടുന്നത് പോലെയാണ് തോന്നിയതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. ചിത്രത്തെക്കുറിച്ചുള്ള ആശയങ്ങളും സംഭാഷണങ്ങളും സ്വപ്‌നത്തിലാണ് തനിക്ക് ലഭിച്ചത്. സിനിമ കണ്ട് അഭിനന്ദനം ചൊരിയുന്നവരോട് അങ്ങേയറ്റം നന്ദിയുണ്ടെന്നും വിനീത് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

ഇതെഴുതാന്‍ വൈകിയെന്നറിയാം.. പക്ഷേ ഇത് പറയേണ്ടത് തന്നെയാണ്..ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം കണ്ട് ഞങ്ങളെ അഭിനന്ദിച്ചവര്‍ക്കെല്ലാം നന്ദി. അഭൂതപൂര്‍വ്വമായ പ്രതികരണമാണ് പലപ്പോഴും ലഭിച്ചത്. അതേക്കുറിച്ചൊക്കെ എന്തുപറയണമെന്ന് അറിയില്ല. ഈ ചിത്രം ചെയ്യുന്ന ഓരോ ഘട്ടത്തിലും ഒരു ദിവ്യ സാന്നിധ്യം ഞാന്‍ അനുഭവിച്ചിരുന്നു. അതിനെ എങ്ങനെ വിശദീകരിക്കാന്‍ കഴിയും എന്നെനിക്കറിയില്ല, ഒരുപക്ഷേ ഇത് ചെയ്യാന്‍ ഞാന്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ആളുകള്‍ക്ക് ഇത് മനസിലാവുമോ എന്നറിയില്ല, പക്ഷേ അതാണ് സത്യം. ഈ സിനിമയിലെ പല സംഭാഷണങ്ങളും സീനുകളും സ്വപ്‌നത്തിലാണ് എനിക്കരികിലേക്ക് എത്തിയത്. പെട്ടെന്ന് ചാടിയെണീയ്ക്കുമ്പോള്‍ പലപ്പോഴും കണ്ണുനിറഞ്ഞിരിക്കും. സ്വപ്‌നത്തില്‍ കേട്ടതെല്ലാം പെട്ടെന്നുതന്നെ മൊബൈല്‍ ഫോണിലേക്ക് റെക്കോര്‍ഡ് ചെയ്യുമായിരുന്നു. ഇതൊക്കെ പറഞ്ഞുഫലിപ്പിക്കാന്‍ പ്രയാസമാണ്. തിരക്കഥാരചനയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ അതിന്റെ സാങ്കേതികത മാത്രമാണ് പഠിപ്പിക്കുന്നത്.
യഥാര്‍ഥത്തില്‍ എന്തിലാണ് കാര്യം എന്നത് നമ്മെ പഠിപ്പിക്കുന്നത് ജീവിതം തന്നെയാണ്. ഗ്രിഗറി ജേക്കബിന്റെ ജീവിതം എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. രണ്ട് മണിക്കൂര്‍ 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ജേക്കബിന്റെ സ്വര്‍ണ്മരാജ്യമെന്ന സിനിമയായി അവയെ മാറ്റുകയായിരുന്നു. അതിനെ ഹൃദയത്തിലേറ്റിയ നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി. ഇന്നെനിക്ക് തിരക്കഥകള്‍ എഴുതാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് എന്റെ അച്ഛന്‍ മൂലമാണ്. അദ്ദേഹത്തോട് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. അതിനാല്‍ ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു..

© 2025 Live Kerala News. All Rights Reserved.