കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന് ഉത്തരവാദികളായ ക്ഷേത്രം ഭാരവാഹികള്‍ കീഴടങ്ങി. സംഭവത്തെത്തുടര്‍ന്ന് ഇവര്‍ ഒളിവിലായിരുന്നു. ക്രൈംബ്രാഞ്ചിന് മുന്നില്‍ അര്‍ധരാത്രിയാണ് അഞ്ചംഗസംഘം കീഴടങ്ങിയത്. പ്രസിഡന്റ് പി.എസ്. ജയലാല്‍, സെക്രട്ടറി ജെ.കൃഷ്ണന്‍കുട്ടിപിള്ള, ട്രഷറര്‍ പ്രസാദ്, അംഗങ്ങളായ രവീന്ദ്രന്‍പിള്ള, രാജേന്ദ്രന്‍ എന്നിവരാണ് കീഴടങ്ങിയത്. ദേവസ്വം ഭാരവാഹികളില്‍ ഒരാളുടെ മകനെയും മറ്റൊരാളുടെ മരുമകനെയും നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കീഴടങ്ങല്‍. പ്രസിഡന്റ്, സെക്രട്ടറി എന്നിവരടക്കം 15 പേരാണ് ദേവസ്വം മാനേജിംഗ് കമ്മിറ്റിയിലുളളത്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും.
അതേസമയം പൊലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി എസ് അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പരവൂരിലെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. കണ്‍ട്രോളര്‍ ഓഫ് എക്പ്ലോസീവ് മേധാവിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ ഗുരുതരമായ നിയമലംഘനം നടന്നതായി കേന്ദ്രസംഘം കണ്ടെത്തിയിട്ടുണ്ട്.
ജുഡീഷ്യല്‍ അന്വേഷണം ഇന്ന് ആരംഭിക്കും. റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ക്കാണ് അന്വേഷണചുമതല. ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് ആറു മാസത്തിനകം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പരവൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷിക്കുന്നത്. അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 116 ആയി. മുന്നൂറോളം പേരെ പരിക്കുകളോടെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമായി തുടരുകയാണ്. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രിയില്‍തന്നെ നിന്ന് സ്ഥിതിഗതികള്‍ പരിശോധിക്കുകയും സഹായസഹകരണങ്ങള്‍ ചെയ്യുന്നുമുണ്ട്.