ശബരിമലയില്‍ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ വിലക്കാനാവില്ലെന്ന് സുപ്രീം കോടതി; സ്ത്രീകള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ട്

ന്യൂഡല്‍ഹി: ശബരിമലയില്‍ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ വിലക്കാനാവില്ലെന്ന് സുപ്രീം കോടതി. സ്ത്രീകള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. ഇത് തകര്‍ക്കാന്‍ ക്ഷേത്രഭരണാധികാരികള്‍ക്ക് അവകാശമില്ല. ശബരിമലക്കേസില്‍ സര്‍ക്കാരിന്റേത് പരസ്പര വിരുദ്ധമായ നിലപാടെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. ആര്‍ത്തവം ഒരു ശാരീരിക അവസ്ഥയാണ്. സ്ത്രീകള്‍ക്കുള്ള വിലക്ക് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല. ജീവശാസ്ത്രപരമായ കാര്യങ്ങളുടെ പേരില്‍ വിവേചനം പാടില്ല.നിലവില്‍ ഭിന്നലിംഗക്കാര്‍ക്ക് ശബരിമലയില്‍ പ്രവേശനമുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കുന്നത് ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നും സുപ്രീംകോടതി. വനിതകള്‍ ദേവനെ ആരാധിക്കുന്നത് തടയാന്‍ ക്ഷേത്രഭാരവാഹികള്‍ക്ക് എന്ത് അധികാരമാണുള്ളത്? ദൈവത്തെ ആര്‍ക്കും ആരാധിക്കാം, കാരണം ദൈവം സര്‍വവ്യാപിയാണ് സുപ്രീംകോടതി പരാമര്‍ശിച്ചു. കേസില്‍ ബുധനാഴ്ച വാദം തുടരും. രാജ്യത്തെ നിയമത്തിന് അനുസൃതമായേ ഈ കേസില്‍ വിധി പറയാന്‍ കഴിയൂ. ഭരണഘടനാവ്യവസ്ഥകളെ ആചാരങ്ങള്‍ക്ക് മറികടക്കാനാകുമോ എന്നും സുപ്രീംകോടതി ആരാഞ്ഞു. ജസ്റ്റിസുമാരായ ദീപക് മിശ്ര, പിനാകി ചന്ദ്ര ഘോഷ്, എന്‍. വി രമണ എന്നിവരുടെ ബഞ്ചിലാണ് കേസ്.

© 2025 Live Kerala News. All Rights Reserved.