എസ്. വിനേഷ്‌കുമാര്‍
മണിപ്രവാള കൃതികളിലൂടെ കണ്ണോടിച്ചാല്‍ ഉണ്ണിച്ചിരുതേയിചരിതവും ചന്ദ്രോത്സവവും ഉള്‍പ്പെടെ രാജഭരണകാലത്തിന്റെ ലൈംഗികോത്സവകഥകള്‍ക്ക് പഞ്ഞമുണ്ടാകില്ല. ക്ഷേത്രങ്ങളിലെ കുംഭാഭിഷേകങ്ങളും പ്രത്യേകപൂജകളുമൊക്കെ ഉത്സവച്ഛായയായിത്തുടങ്ങിയത് നാടുവാഴി സംസ്‌കാരത്തില്‍ നിന്നും നാടോടി സംസ്‌കാരത്തില്‍ നിന്നും രൂപപ്പെട്ട്‌കൊണ്ടാണ്. ഉത്സവങ്ങള്‍ വിശ്വാസമല്ല, മറിച്ച ഗോത്രസംസ്‌കാരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാല്‍ ഇപ്പോഴത്തെ വിശ്വാസികള്‍ നമ്മളെ ഓടിച്ചിട്ടുതല്ലും. അത്രത്തോളം മാറിക്കഴിഞ്ഞിരിക്കുന്നു കാലം.പഴയ മണിപ്രവാളകൃതികളിലെ ലൈംഗിക അരാജകത്വങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ കരിമരുന്നും കരിവീരനും ഉത്സവകാലത്തിന്റെ അവിഭാജ്യഘടകമായി. നാടോടി സംസ്‌കാരത്തില്‍ നിന്ന് രൂപപ്പെട്ട ഉത്സവങ്ങള്‍ക്ക് നിറം പകരാനും വിശ്വസിയെ ആനന്ദിപ്പിക്കാനും കരിമരുന്നും ഗജവീരനും ഇല്ലാത്തതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലേക്ക് മലയാളി മാറി. വളരെ അപകടകരമായ ഭക്തസങ്കല്‍പ്പങ്ങള്‍ക്ക് മുകളില്‍ നിന്ന് ഗോത്രസംസ്‌കാരത്തെ വിശ്വാസവുമായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. പൊരിവെയിലത്ത് കാട്ടാനയെ വെള്ളംപോലും നല്‍കാതെ നെറ്റിപ്പട്ടവും വര്‍ണ്ണക്കുടയുംചൂടി അണിനിരത്തുന്നു.
ശരീരത്തില്‍ മറ്റുള്ള ജീവികളെ അപേക്ഷിച്ച് ഊഷ്മാവ് കൂടിയ ജീവിയാണ് ആന. പ്രതിദിനം 300 ലിറ്ററില്‍ കുറയാതെ വെള്ളംകുടിക്കുന്ന ജീവി. കടുത്ത ആനപീഡനത്തിന്റെ കഥകള്‍ അന്വേഷിച്ച് പോകുമ്പോഴാണ് ഉത്സവപ്പറമ്പുകളിലെ ഈ മിണ്ടാപ്രാണിയോടുള്ള ഉത്സചട്ടമ്പിമാരുടെ ക്രൂരത വ്യക്തമാകുകയുള്ളു. ചോദ്യം ചെയ്യുന്നവരെ വിശ്വാസത്തിന്റെ പേര് പറഞ്ഞ് ആക്ഷേപിക്കാനും കയ്യേറ്റം ചെയ്യാനും ഇവര്‍ക്ക് മടിയില്ല. ഉത്സപറമ്പും പരിസരത്തും പൊലീസിനെപ്പോലും കയറ്റാതെ സ്വയംഭരണം നടത്തുന്ന നിരവധി ആരാധനാലയങ്ങള്‍ കേരളത്തിലുണ്ട്. യാതൊരു മുന്നൊരുക്കങ്ങളോ സുരക്ഷാസംവിധാനങ്ങളോ ഇല്ലാതെയാണ് വെടിക്കെട്ട് നടത്തുന്നതെന്നും കരിമരുന്ന് സൂക്ഷിക്കുന്നതുമെന്ന് എത്രയോതവണ വിവിധ ഏജന്‍സികളുടെ അന്വേഷണ റിപ്പോര്‍ട്ടുകളിലൂടെ പുറത്തുവന്നിരുന്നതെല്ലാം നാം സൗകര്യപൂര്‍വം വിസ്മരിച്ചു. ഒരു തീപ്പൊരികൊണ്ട് തീരുന്ന ജീവിതത്തിന്റെ നൂല്‍പ്പാലത്തിലൂടെയാണ് ഉത്സവപറമ്പുകളിലെ പുരുഷാരത്തിന്റെ പ്രയാണം. കേരളത്തില്‍ 20 വര്‍ഷത്തിനിടയില്‍ നടന്നത് 750 ഓളം വെടിക്കെട്ട് ദുരന്തങ്ങളാണ്. ചെറുതും വലുമായ അപകടങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നൂറുകണക്കിന് പേര്‍ അംഗവൈകല്യം സംഭവിച്ച് വീടുകളില്‍ ഒതുങ്ങിക്കൂടുകയും ചെയ്യുന്നുണ്ട്. എന്നാലും അപകടങ്ങള്‍ തടയാന്‍ അധികൃതര്‍ കാര്യമായ നടപടികള്‍ സ്വീകരിക്കാറില്ല. കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമാണ് കൊല്ലം പരവൂര്‍ ക്ഷേത്രത്തിലേത്. സംസ്ഥാനത്ത് ഇതുവരെ നടന്ന വെടിക്കെട്ടപകടങ്ങളില്‍ സ്ത്രീകള്‍ അടക്കം 400ലധികം പേര്‍ മരിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളിലാണ് ദുരന്തങ്ങള്‍ ഉണ്ടായത്. വെടിക്കെട്ടപകടങ്ങള്‍ കൂടുതലും സംഭവിച്ചത് തെക്കന്‍ ജില്ലകളിലാണെന്ന് ചുരുക്കം. 1952 മുതല്‍ ഇക്കാലയളവ് വരെയുള്ള ഔദ്യോഗിക കണക്കാണിത്.
തമിഴ്‌നാട്ടില്‍ ഇപ്പോഴും തുടര്‍ന്ന് വരുന്ന തൂക്കം എന്ന ക്രൂരനടപടി പത്ത് വര്‍ഷം മുമ്പ് വരെ കേരളത്തിലും ഉണ്ടായിരുന്നു. എളയാവൂര്‍ തൂക്കം വിവാദമായതോടെ സര്‍ക്കാര്‍ ഇത് നിരോധിക്കുകയായിരുന്നു. നിരോധനത്തിനെതിരെ ചെറിയതോതിലുള്ള പ്രതിഷേധങ്ങള്‍ മാത്രമാണുണ്ടായത്. അതിന് ശേഷം മൂന്നാറില്‍ ഗരുഡന്‍തൂക്കം ഉള്‍പ്പെടെ നടന്നെങ്കിലും ഇതിനെതിരെ ശക്തമായ നടപടിയുണ്ടായപ്പോള്‍ അതും ഇപ്പോഴില്ല. എന്നാല്‍ തമിഴ്‌നാട്ടിലിപ്പോഴും ഇത് കാണാന്‍ കഴിയും. ശരീരത്തില്‍ കുത്തിയിറക്കിയ കമ്പികളില്‍ തൂങ്ങിയാടുന്ന ക്രൂരദൃശ്യങ്ങള്‍ പറവക്കാവടിയെന്ന പേരില്‍ ഇപ്പോഴും നടക്കുന്നുണ്ട്. അതുപോലെ കര്‍ണാടകയില്‍ ദേവദാസി സ്ത്രീകളെ കെട്ടിയൊരുക്കി ഉത്സവത്തിന് അണിനിരത്തുന്ന ആചാരങ്ങളുമുണ്ട്. കേരളത്തിലേക്ക് എത്തുമ്പോള്‍ പ്രത്യേകിച്ച് വള്ളവുനാട്ടുകാരുടെ ആനക്കമ്പവും കരിമരുന്ന് വിനോദവുമാണ് ഉത്സവപറമ്പുകളിലെ വര്‍ത്തമാനങ്ങള്‍. ഇത് നാടോടി സംസ്‌കാരത്തില്‍ നിന്ന് രൂപപ്പെട്ട ഗോത്രപ്പെരുമയുടെ ഭാഗമാണ്. പിന്നീടാണിതിനെ വിശ്വാസവുമായി കൂട്ടിവായിക്കാന്‍ തുടങ്ങിയത്. നാടുവാഴിത്ത്വ ഭരണകാലത്ത്‌പോലും ഇത്രയം ഭീകരമായ കരിമരുന്ന് പ്രയോഗങ്ങള്‍ കാണാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഇപ്പോഴും തുടരുന്ന രാജഭക്തിയും തിരുവിതാംകൂറിന്റെ മാറാത്ത വിശ്വാസങ്കല്‍പ്പങ്ങളുമാണ് തെക്കന്‍ജില്ലകളില്‍ ഉത്സവകാലങ്ങള്‍ക്ക് ഇത്രത്തോളം സ്‌ഫോടനാത്മകമായ അവസ്ഥയുണ്ടാക്കുന്നത്.
പാലക്കാട്, തൃശൂര്‍, പെരിന്തല്‍മണ്ണ ഭാഗങ്ങളിലാണ് വ്യത്യസ്ഥമായ സംസ്‌കാരങ്ങളില്‍ നിന്ന് ഉത്സവങ്ങള്‍ക്ക് കരിമരുന്നും കരിവീരനും പ്രത്യേക സ്ഥാനം നല്‍കിയത്. ചെറിയ കാവുകളില്‍പോലും ലക്ഷങ്ങള്‍ ചില വഴിച്ചുള്ള ആഘോഷങ്ങള്‍ പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കാണാന്‍ കഴിയും. ക്രൈസ്തവ ദേവാലയങ്ങളിലും വെടിക്കെട്ട് ഒഴിവാക്കാനാവാത്ത ഘടകമായി മാറിയിട്ടുണ്ട്. ചെറിയ കപ്പേളകളുടെ വെഞ്ചരിപ്പിന് പോലും ചെറിയതോതിലെങ്കിലും വെടിക്കെട്ട് നിര്‍ബന്ധമായിട്ടുണ്ട് മിക്കയിടങ്ങളിലുമിപ്പോള്‍. ചില മുസ്ലിംപള്ളികളില്‍ ചന്ദനക്കുടം നേര്‍ച്ചയോടനുബന്ധിച്ചുള്ള ഘോഷയാത്രകളില്‍് ഗജവീരന്‍മാരെ നെറ്റിപ്പട്ടം കെട്ടി അണിനിരത്താറുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ കരിമരുന്നും കരിവീരന്‍മാരെയും ഉപയോഗിക്കുന്നത് ക്ഷേത്രങ്ങളില്‍ത്തന്നെ. ക്ഷേത്രക്കമ്മിറ്റികളുടെ അശാസ്ത്രീയവും അപക്വവുമായ നീക്കങ്ങളെ ഏതെങ്കിലും രീതിയില്‍ എതിര്‍ക്കപ്പെട്ടാല്‍ വര്‍ഗീയമായിപ്പോഴും വ്യാഖ്യാനിക്കപ്പെടുന്ന കാലം. ഇങ്ങനെയൊരു കൈവിട്ട കളിയുടെ അനന്തരഫലമാണ് കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രപരിസരം ചോരമണക്കുന്ന ശവപറമ്പായി നമ്മുടെ മന:സാക്ഷിക്ക് മുമ്പിലുള്ളത്.