കൊല്ലം: രാജ്യത്തെ നടുക്കിയ പരവൂര്‍ കമ്പക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 116 ആയി. പൊള്ളലേറ്റ മുന്നൂറോളം പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ചവരില്‍ തിരിച്ചറിയാന്‍ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. തിരുവനന്തപുരത്ത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, കേരളാ സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി എന്നീ സ്ഥാപനങ്ങളിലാകും പരിശോധന നടത്തുക. അഞ്ചിലധികം പേരുടെയെങ്കിലും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തവിധം വികൃതമായിട്ടുണ്ട്. ലഭിച്ച ശരീരഭാഗങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലും സൂക്ഷിച്ചിട്ടുണ്ട്. പുറ്റിങ്ങല്‍ ക്ഷേത്രപരിസരം ശവപമ്പായിമാറി. ശരീരങ്ങള്‍ വേര്‍പ്പെട്ടവരുടെയും കത്തിക്കരിഞ്ഞവരുടെയും ചോരയുടെ രൂക്ഷഗന്ധവും ഇവിടെ തളംകെട്ടി നില്‍ക്കുകയാണിപ്പോഴും.
പ്രധാനമന്ത്രി നരേന്ദ്രമോഡി സ്ഥലം സന്ദര്‍ശിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് പ്രധാനമന്ത്രി കൊല്ലത്തെത്തിയത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ഇന്ന് ആരംഭിക്കും. റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ക്കാണ് അന്വേഷണചുമതല. ആറു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പരവൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എഡിജിപി അനന്തകൃഷ്ണന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ക്ഷേത്രത്തില്‍ കമ്പക്കെട്ട് നടക്കുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം. മത്സര കമ്പക്കെട്ടിനിടെ കമ്പപ്പുരയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. പൊട്ടിയ അമിട്ടിന്റെ ഭാഗം കമ്പപ്പുരയിലേക്ക് വീഴുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് അശാസ്ത്രീയമായ വെടിക്കെട്ട് നിരോധിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.