സ്മൃതി ഇറാനിയുടെ വിദ്യഭ്യാസ യോഗ്യത വിവാദം; അച്ചടിപിശകെന്ന് ബിജെപി

ന്യൂഡൽഹി : സ്മൃതിയുടെ വിദ്യഭ്യാസയോഗ്യതയുമായി ബന്ധപ്പെട്ട കാര്യം അച്ചടിപിശകാണെന്നും അവരുടെ കേസും വ്യാജ ബിരുദ്ധ കേസിൽ അറസ്റ്റിലായ ഡൽഹി മുൻനിയമമന്ത്രി ജിതേന്ദർ തോമറിന്റെ കേസും ഒരു പോലെ കാണരുതെന്നും ബിജെപി .

തെറ്റായ ഡോക്യുമെന്റുകൾ ഉണ്ടാക്കുന്നതും അച്ചടിയിലുണ്ടായ തെറ്റും തമ്മിൽ വലിയ വ്യത്യാസമുണ്ട്. സ്മൃതിയുടെ കേസ് വ്യാജ ബിരുദ്ധ സർട്ടിഫിക്കറ്റ് നിർമിച്ചുവെന്നല്ല. ഒരിക്കലും നാരങ്ങയെയും ആപ്പിളിനെയും തമ്മിൽ താരതമ്യം ചെയ്യരുത്. തോമറിന്റെ കാര്യത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. അവിടെ കുറ്റം ചെയ്തിട്ടുണ്ടെന്നത് തെളിഞ്ഞ കാര്യമാണ്. അദ്ദേഹത്തിനു പകരം പുതിയ മന്ത്രിയെ തിരഞ്ഞെടുക്കുകയും വേണം. എന്നാൽ സ്മൃതിയുടെകാര്യത്തിൽ അതല്ല സംഭവം. കേസ് നിലനിൽക്കുമെന്നുമാത്രമാണ് കോടതി പറഞ്ഞത്. അതൊരു നിയമനടപടിയുടെ ആദ്യ ഘട്ടമാത്രമാണ്. സ്മൃതി കുറ്റക്കാരിയാണെന്നോ കുറ്റവിമുക്തയാണെന്നോ പറഞ്ഞിട്ടില്ലെന്നും ബിജെപി വക്താവ് പറ‍ഞ്ഞു.

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചു തെറ്റായ വിവരങ്ങൾ നൽകിയെന്ന പരാതിയിൽ മന്ത്രിയ്ക്കെതിരെ സ്മൃതി ഇറാനിക്കെതിരായ കേസ് നിലനിൽക്കുമെന്നു കോടതി വ്യക്തമാക്കിയിരുന്നു. ലോക്സഭയിലേക്കും രാജ്യസഭയിലേക്കും സമർപ്പിച്ച വിവിധ നാമനിർദേശ പത്രികകളിൽ വ്യത്യസ്ത വിദ്യാഭ്യാസ വിവരങ്ങൾ നൽകിയെന്നാരോപിച്ചായിരുന്നു ഹർജി.

ഫ്രീലാൻസ് എഴുത്തുകാരനായ അഹ്മെർ ഖാനാണ് ഹർജി നൽകിയത്. 2004ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 1996ൽ ഡൽഹി സർവകലാശാലയിൽ (സ്കൂൾ ഓഫ് കറസ്പോണ്ടൻസ്) നിന്ന് ബിഎ ബിരുദം കരസ്ഥമാക്കിയെന്നു പറയുന്നു. എന്നാൽ 2011 ജൂലൈ 11ന് ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഡൽഹി സർവകലാശാലയിൽ (സ്കൂൾ ഓഫ് കറസ്പോണ്ടൻസ്) നിന്ന് ബികോം പാർട്ട് ഒന്ന് യോഗ്യത നേടിയതായും പറയുന്നു.

എന്നാൽ, കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്മൂലത്തിൽ ഡൽഹി സർവകലാശാലയില്‍ (സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്) നിന്ന് ബികോം പാർട്ട് ഒന്ന് യോഗ്യത നേടിയെന്നും വ്യക്തമാക്കുന്നു. മൂന്ന് സത്യവാങ്മൂലത്തിലും വ്യത്യസ്ത ബിരുദ സർട്ടിഫിക്കറ്റുകളാണ് ഹാജരാക്കിയത് എന്നാണ് പരാതിക്കാരന്റെ ആരോപണം.

© 2024 Live Kerala News. All Rights Reserved.