ജേക്കബിന്റെ സ്വര്‍ഗരാജ്യം അഥവാ വിനീത് ശ്രീനിവാസന്റെ ടിപ്പിക്കല്‍ സങ്കല്‍പ്പങ്ങളില്‍ നിന്നൊരു മാറിനടത്തം

വീണ വത്സന്‍

veena

നിവിന്‍പോൡയെന്ന ജനപ്രിയനടന്റെ സ്റ്റാര്‍ഡം ഉപയോഗിക്കുന്നതിനപ്പുറം വിനീത് ശ്രീനിവാസന്റെ കണ്ടുമടുത്തൊരു ടിപ്പിക്കല്‍ സങ്കല്‍പ്പങ്ങളില്‍ നിന്നുള്ളൊരു മാറിനടത്തം കൂടിയാണ് ജേകബിന്റെ സ്വര്‍ഗരാജ്യം. കെട്ടുറപ്പുള്ളൊരു തിരക്കഥയുടെ അഭാവത്തിലും കുടുംബങ്ങളെ തിയറ്ററുകളില്‍ ബോറടിപ്പാതെ ഇരുത്താന്‍ ചിത്രത്തിന്റെ ആഖ്യാനരീതി ഗുണകരമായെന്ന് വിലയിരുത്തുന്നതില്‍ തെറ്റുണ്ടാകില്ല. പ്രേമത്തിന്റെ ഹാങ് ഓവറില്‍ നിന്ന് മുക്തമാകാത്ത മലയാളി യുവത്വത്തിന് കയ്യടിക്കാനുള്ളൊരു അവിസ്മരണീയമായ അസാധാരണത്വം ചിത്രത്തിലെവിടൊക്കെയോയുണ്ട്. തീപ്പൊരി തിരക്കഥകള്‍ മലയാളിയുടെ മുന്നിലേക്കെറിഞ്ഞുകൊടുത്ത രഞ്ജിപ്പണിക്കര്‍ എന്ന നടന്റെ പ്രതിഭാശേഷിക്ക് ഇന്ധനം പകര്‍ന്നതാണ് ജേകബ് എന്ന ദുബൈ ഇരുമ്പ് വ്യവസായിയുടെ മുന്‍നടത്തം. ഓവര്‍ സ്മാര്‍ട്ട്‌നസ് ജേകബിന്റെ കഥാപാത്രം എവിടെയും അരോചകമാകുന്നതായി പ്രേക്ഷകര്‍ക്ക് തോന്നില്ല. നാല് മക്കളുടെ പിതാവും പ്രേയസിയുടെ സ്‌നേഹസമ്പന്നനായ കാന്തനായും ശോഭിക്കുമ്പോള്‍തന്നെ ചിത്രത്തിന്റെ ആദ്യപകുതി രഞ്ജിപ്പണിക്കരുടെ കയ്യില്‍ ഭദ്രമായിരുന്നു.

6

ബിസിനസ്സിലുണ്ടാകുന്ന വഞ്ചനയ്ക്കിരയായി നാടുവിട്ട പിതാവിന് വേണ്ടി പുത്രനും ഭര്‍ത്താവിന് വേണ്ടി ഭാര്യയും രംഗത്തിറങ്ങുമ്പോള്‍ അസാധാരണമായൊന്നില്ലെന്ന് ജീവിതത്തിലൂടെ ചിത്രം തെളിയിക്കുന്നു. രണ്ടാംപകുതി ലാഗ് ചെയ്യുന്നത് പലപ്പോഴും മടുപ്പുണ്ടാക്കിയപ്പോഴും പ്രേക്ഷകന് മുന്‍വിധികളില്ലാതെ കാത്തിരിക്കാനുള്ള വക ചിത്രം നല്‍കുന്നുണ്ട്. തീവ്രമായൊരു വികാരം സൃഷ്ടിക്കാന്‍ സംവിധായകന്‍ ശ്രമിക്കുമ്പോഴും കയ്യടക്കത്തിലെ പരിചയക്കുറവ് മുഴച്ചുനില്‍ക്കുന്നത് കാണാം. പുതുമയില്ലാത്ത കഥയ്ക്ക് പിന്നിലെ പശ്ചാത്തല മേന്‍മ ചിത്രേെത്ത വെറുപ്പിക്കാതെ ഇരുത്താന്‍ ശ്രമിക്കുന്നുണ്ട്. പശ്ചാത്തല സംഗീതത്തിലെ പാളിച്ചകളും മികച്ച ഗാനങ്ങളില്ലാത്തതുമൊക്കെ ചിത്രത്തിന്റെ വഴികള്‍ക്ക് ചാരുത കുറയ്ക്കുന്നുണ്ട്. കാമറകൊണ്ടുള്ള പരീക്ഷണങ്ങളും എഡിറ്റിംഗ് ഡേബിളിലെ മായാജാലങ്ങളുമൊെേക്ക മികച്ചതെന്ന് അഭിപ്രായമില്ലെങ്കിലും മോശമാക്കിയില്ല. ദുബൈ എന്ന നഗത്തിന്റെ സൗന്ദര്യവും ജീവതാളവും ചിത്രത്തിലുണ്ട്. ആന്റി ക്ലൈമാക്‌സില്‍ ഇടുക്കിയിലെ തേയിലത്തോട്ടങ്ങളും കോടമഞ്ഞുമൊക്കെ വിരുന്നെത്തിയതും നയനമനോഹര കാഴ്ച്ചയൊരുക്കി.

2

2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലെ ചില ജീവിതത്തിന് നേരെ തിരിയുന്ന അസാധാരണ സംഭവങ്ങളിലേക്ക് രണ്ടാം പകുതിയെത്തുമ്പോഴാണ് കഥയുടെ കാമ്പുകളിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നത്. ആഗോളമാന്ദ്യം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് കരകയറിയ ഗ്രിഗറി ജേകബ് എന്ന ദുബൈ വ്യവസായിയുടെ അതിജീവനത്തിന്റെ കനല്‍വഴികളാണ് വിനീത് ശ്രീനിവാസന്റെ അഭ്രപാളിയിലേക്ക് പകര്‍ത്തിയത്. യഥാര്‍ഥ സംഭവകഥ സിനിമയാകുമ്പോഴുണ്ടാകുന്ന പരിമിതികള്‍ക്കപ്പുറം വിനീതിന്റെ തികച്ചും വേറിട്ടൊരു നടത്തമാണ് ചിത്രത്തിന് മിഴിവേകുന്നത്. രഞ്ജിപ്പണിക്കരില്‍ നിന്ന് രണ്ടാംപകുതിയില്‍ ചിത്രത്തിന്റെ കടിഞ്ഞാണ്‍ നവിന്‍പോളിയിലേക്കെത്തുമ്പോള്‍ ഒരു ന്യൂജന്‍ കാറ്റിന്റെ മര്‍മ്മരം എവിടൊക്കെയോ അറിയാന്‍ കഴിയും. കടംകയറി നാടുവിട്ട പിതാവിന്റെ ബാധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടി മകനും അമ്മയും ജീവിതത്തോട് നടത്തുന്ന സ്ട്രഗിള്‍ ആണ് ചിത്രത്തിലുടനീളമുള്ളത്.

4

പിതാവിന്റെ ലഗസിക്കപ്പുറം മറ്റൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബത്തില്‍ പുരുഷന്‍ എന്ന സങ്കല്‍പ്പത്തില്‍ത്തന്നെ ചിത്രം ചുറ്റിത്തിരിയുന്നുണ്ട്. ഞാന്‍ ജേകബിന്റെ ഭാര്യയാണെന്നും, ഞാന്‍ ജേകബിന്റെ മകനാണെന്നുമൊക്കെയുള്ള ലഗസിയില്‍ അഭിരമിക്കുമ്പോള്‍ത്തന്നെ ഇവരുടെ സ്വത്വം നഷ്ടമായെന്നതന്നെ വിലയിരുത്തേണ്ടിവരും. ഭര്‍ത്താവില്‍ നിന്ന് ദാനമായി കിട്ടിയ അറിവും തന്റേടവും എന്നതിലുപരി തന്റേതായ ഇടങ്ങള്‍ ജെറിയുടെ അമ്മയ്ക്ക് ഉണ്ടാക്കിയെടുക്കാനാവാത്തെ പ്രതിസന്ധി ചിത്രത്തെ ആവരണം ചെയ്യുന്നുണ്ട്. ജെറിയുടെയും അമ്മയുടെയും പോരാട്ടങ്ങള്‍ക്കിടയിലും കാമുകിയുണ്ടെന്നതിലപ്പുറം ചിത്രത്തിലുടനീളം ഒരു മുഹൂര്‍ത്തവും സംവിധായകന്‍ വരവ് വച്ചുകൊടുക്കുന്നുമില്ല.

3

ടിജി രവിയുടെ ഉണ്ണിയേട്ടന്‍ എന്ന ഡ്രൈവര്‍ കഥാപാത്രത്തിന്റെ ഹൃദയത്തില്‍ തട്ടുന്ന വാക്കുകളും ആദ്യം താമസിച്ച ഫ്‌ളാറ്റിലെ സെക്യൂരിറ്റി ഗാര്‍ഡുമായുള്ള കോമ്പിനേഷന്‍ സീനുകളിലും പശ്ചാത്തലസംഗീതംകൊണ്ട്‌പോലും ഇമോഷനാലിറ്റി ഫീല്‍ ചെയ്യിക്കാന്‍ ചിത്രത്തിനായില്ല. വൈകാരികമായ തീഷ്ണതയ്ക്ക് ഇടമുണ്ടായില്ലെന്ന് ചുരുക്കം. മെലോഡ്രാമയിലേക്ക് പോകാതെ പതിവ് വഴിയില്‍ നിന്നുള്ളൊരു മാറിനടത്തത്തിന് വിനീതിന് കയ്യടിക്കുകതന്നെ വേണം. അച്ഛന്‍ എന്ന വന്‍മരത്തിന്റെ തണലില്‍ നിന്ന് വെയിലേക്കിറങ്ങുമ്പോഴുണ്ടാകുന്ന കടുത്ത ഉഷ്ണം ജെറിയെ മാത്രം പിടികൂടുന്നതിലേക്ക് ചിത്രം ചുരുങ്ങുന്നുമുണ്ട്. മറ്റ് മൂന്ന് സഹോദരങ്ങള്‍ക്കും ഇത് കാര്യമായി ഏല്‍ക്കുന്നുമില്ല. താളപ്പിഴകള്‍ക്ക് ഇടമുണ്ടെങ്കിലും ഒരു യഥാര്‍ഥ സംഭവത്തിന്റെ ഡോക്യുമെന്റേഷന്‍ എന്ന നിലയില്‍ ജേകബിന്റെ സ്വര്‍ഗരാജ്യം പ്രേക്ഷകനോട് കൂറുപുലര്‍ത്തിയെന്ന് തന്നെ വേണം മനസ്സിലാക്കാന്‍.