വിൻഡോസ് ഫോണിലും ഇനി വാട്ട്സാപ്പ് കോൾ

ആൻഡ്രോയിഡിനും ഐഒഎസിനും ബ്ലാക്ക്ബെറിക്കുമെല്ലാം പിറകെ വാട്ട്സാപ്പിന്റെ വോയിസ് കോൾ ഇനി വിൻഡോസ് ഫോണിലും. വിൻഡോസ് ഫോണുകളിൽ നിന്ന് കോൾ ചെയ്യാനുള്ള സൗകര്യവുമായി വാട്ട്സാപ്പിന്റെ അപ്ഡേറ്റഡ് വേർഷൻ( 2.12.60.0) സ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ വാട്ട്സാപ്പ് ഉപയോഗിക്കുന്നവർക്ക് അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. 19 എംബിയാണ് അപ്ഡേറ്റഡ് വേർഷന്റെ സൈസ്. വിൻഡോസ് ഫോൺ 8നും അതിനു മുകളിലുമുള്ളവയിലും മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാവുക. എന്നാൽ എമർജൻസി നമ്പറുകളിലേക്ക് ഈ സൗകര്യം ഉപയോഗിച്ച് വിളിക്കാനാകില്ല. വാട്സാപ്പിന്റെ അപ്ഡേറ്റഡ് വേർഷൻ ഉള്ള വിൻഡോസ് ഫോണുകൾ തമ്മിൽ മാത്രമേ കോൾ ചെയ്യാനാകൂ.

ഇന്റർനെറ്റുണ്ടെങ്കിൽ ലോകത്തിൽ എവിടേക്കു വേണമെങ്കിലും ഈ സൗകര്യമുപയോഗിച്ച് വിളിക്കാമെന്നാണ് വാട്ട്സാപ്പ് തങ്ങളുടെ വെബ്സൈറ്റിൽ അറിയിച്ചിരിക്കുന്നത്. 80 കോടി പേരാണ് നിലവിൽ വാട്ട്സാപ്പിന്റെ ഉപയോക്താക്കളായുള്ളത്. അതേസമയം വോയിസ് കോൾ സംവിധാനം വന്നതോടെ വിൻഡോസ് സ്റ്റോറിൽ സമാനമായ പലതരത്തിലുള്ള ആപ്പുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിൻഡോസ് ഫോണിൽ വാട്ട്സാപ്പ് ഡൗൺലോഡ് ചെയ്യാൻ സഹായിക്കാമെന്ന മട്ടിലാണ് സമാനമായ ഐക്കണും നിറവുമെല്ലാം ഉപയോഗിച്ച് ആപ്പുകൾ എത്തിയിരിക്കുന്നത്. എന്നാൽ വിൻഡോസ് സ്റ്റോറിൽ വാട്ട്സാപ്പെടുത്ത് അതിൽ അപ്ഡേറ്റ് എന്നു രേഖപ്പെടുത്തിയിരിക്കുന്നയിടത്ത് ക്ലിക്ക് ചെയ്താൽ മാത്രം മതി. ഈ വിവരം വിൻഡോസ് ഫോണുള്ള സുഹൃത്തുക്കളെ അറിയിച്ച് എത്രയും പെട്ടെന്ന് വോയിസ് കോൾ സാധ്യമാക്കണമെന്നാണ് വാട്ട്സാപ്പിന്റെ നിർദേശം.

© 2024 Live Kerala News. All Rights Reserved.