കണ്ണൂര്‍: സിനിമക്കാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നതില്‍ പുതുമയൊന്നുമില്ല. പക്ഷേ കാവ്യാമാധവന്റെ പ്രചാരണത്തില്‍ ഒരുപാട് പുതുമയുണ്ട്. സ്വന്തം നാടായ നീലേശ്വരത്ത് കാവ്യ വോട്ടഭ്യര്‍ഥിച്ചുകൊണ്ടിരിക്കുകയാണ്. ഒരു രാഷ്ട്രീയപാര്‍ട്ടിക്കുമല്ല. ജനാധിപത്യത്തിന്റെ നിലവില്‍പ്പിനായി. മെയ് 16 ന് നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ട് ചെയ്യണമെന്ന് ആളുകളെ ബോധവത്കരിക്കുകയാണ് കാവ്യ. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ജില്ലയില്‍ രണ്ടുലക്ഷം പേരാണ് സമ്മതിദാനാവകാശം നിര്‍വഹിക്കാതിരുന്നത്. ‘ഞാന്‍ വോട്ട് ചെയ്യും, കടമ നിര്‍വഹിക്കും’ എന്നെഴുതിയുള്ള സൈന്‍ബോര്‍ഡില്‍ കാവ്യ ഒപ്പുവച്ചതോടെയാണ് ബോധവല്‍ക്കരണ പരിപാടിയ്ക്ക് തുടക്കമായത്. ജന്മനാടായ നീലേശ്വരത്ത് നിന്നും ഏതാനും കിലോമീറ്ററുകള്‍ മാറി ഭീമനടിയിലായിരുന്നു കാവ്യ ബോധവത്കരണ പരിപാടിയുമായി എത്തിയത്. വോട്ട് ചെയ്യുക എന്നത് പൗരന്റെ കടമയാണ് എന്നും ജനാധിപത്യത്തില്‍ അത് എത്ര പ്രധാനപ്പെട്ടതാണ് എന്നും കാവ്യ ആളുകളോട് പറഞ്ഞു. അസംബ്ലി തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം കൂട്ടുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസാണ് പരിപാടി സംഘടിപ്പിച്ചത്. പ്രചാരണത്തിന് കാവ്യയെത്തിയത് ഏറെ കൗതുകത്തോടെയാണ് ആളുകള്‍ കാണുന്നത്.