ഹോപ് പ്ലാന്റേഷന്‍ ഭൂമി പതിച്ച് നല്‍കിയ വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി; തീരുമാനം സ്വാഗതാര്‍ഹമെന്ന് സുധീരനും പ്രതാപനും

തിരുവനന്തപുരം: ഹോപ് പ്ലാന്റേഷന്‍ ഭൂമി പതിച്ച് നല്‍കിയ വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നേരത്തെ നിലകൊണ്ട കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, ടി.എന്‍ പ്രതാപന്‍ എംഎല്‍എ എന്നിവര്‍ ഉത്തരവ് റദ്ദാക്കിയ സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട് . ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പീരുമേട്ടിലെ ഹോപ്പ് പ്ലാന്റേഷന് 750ഏക്കര്‍ മിച്ചഭൂമി അനുവദിച്ച ഉത്തരവ് റദ്ദാക്കിയത്. കൂടാതെ സൗജന്യ അരി, മരുന്ന് എന്നിവ വിതരണം ചെയ്യുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി തര്‍ക്കം തുടരുന്നതിനിടെ ഹൈക്കോടതിയെ സമീപിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ഫെബ്രുവരി 20നാണ് പീരുമേട്ടിലെ ഹോപ്പ് പ്ലാന്റേഷന് 750 ഏക്കര്‍ ഭൂമി പതിച്ചുനല്‍കാന്‍ റവന്യു വകുപ്പ് ഉത്തരവിറക്കിയത്. തുടര്‍ന്ന് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. 2010ല്‍ വിഎസ് സര്‍ക്കാരിന്റെ കാലത്ത് ഹോപ്പ് പ്ലാന്റേഷന്റെ ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിറക്കിയിരുന്നതാണ്. എന്നാല്‍ ഈ ഉത്തരവിന് കോടതിയില്‍ നിന്നും കമ്പനി അധികൃതര്‍ സ്റ്റേ വാങ്ങുകയും ചെയ്തു. 2014 ഓഗസ്റ്റില്‍ കേസില്‍ തീര്‍പ്പ് കല്‍പ്പിക്കവെ ആറുമാസത്തിനകം സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമ്പനിയെ മിച്ചഭൂമിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നില്ല. തുടര്‍ന്ന് 900 ഏക്കര്‍ കൈവശമുളള ഹോപ്പ് പ്ലാന്റേഷന് 750 ഏക്കര്‍ പതിച്ചുനല്‍കാനാണ് 2015 ഡിസംബര്‍ 15ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുള്‍പ്പെടെ മറ്റു പലരുടെയും എതിര്‍പ്പുകള്‍ മറികടന്നാണ് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് മന്ത്രിസഭയില്‍ ഹോപ്പ് പ്ലാന്റേഷന് അനുകൂലമായി നടപടിയെടുത്തത്.

© 2025 Live Kerala News. All Rights Reserved.