ബിജു രമേശിന്റെ അനധികൃ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാം; കെട്ടിടം സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ചത്; സര്‍ക്കാറിന് ഉചിതമായ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി

കൊച്ചി: ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ സര്‍ക്കാറിന് ഉചിതമായ നടപടി കൈക്കൊള്ളാമെന്ന് ഹൈക്കോടതി. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിലെ രാജാധാനി കെട്ടിട സമുച്ചയത്തിന്റെ ഭാഗങ്ങളാണ് പൊളിക്കേണ്ടത്. കെട്ടിടം സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരവ്. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായാണ് കെട്ടിടം പരിശോധിക്കാന്‍ ഉത്തരവിട്ടത്. സര്‍ക്കാരിന് ഉചിതമായ തീരുമാനം ഇക്കാര്യത്തില്‍ കൈക്കൊള്ളാമെന്ന് കോടതി വ്യക്തമാക്കി. തെക്കനംകര കനാല്‍ കയ്യേറിയാണ് കെട്ടിടം നിര്‍മ്മിച്ചത്. 2005 ലെ ദുരന്തനിവാരണ നിയമം അനുസരിച്ച് കെട്ടിടം പൊളിച്ചുമാറ്റണമെന്ന് നേരത്തെ തിരുവനന്തപുരം എഡിഎം ഉത്തരവിട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബിജു രമേശിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് ചോദ്യം ചെയ്തു കൊണ്ട് ബിജു രമേശ് ഹൈക്കോടതിയെ സമീപിച്ചു. പാളിച്ചകള്‍ നിറഞ്ഞ നോട്ടീസ് സര്‍ക്കാര്‍ പിന്‍വലിക്കുകയും പിന്നീട് മറ്റൊരു നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ത്വരിതഗതിയിലുള്ള നടപടി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണറിയുന്നത്. ബാര്‍ കോഴ വിവാദത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ പ്രതികൂട്ടില്‍ നിര്‍ത്തിയത് ബിജുരമേശായിരുന്നു.

© 2025 Live Kerala News. All Rights Reserved.