കിംഗ് ലയര്‍ പ്രേക്ഷകനോടുള്ള നുണബോംബാകുമ്പോള്‍

എസ്.വിനേഷ് കുമാര്‍

റാംജി റാവ് സ്പീക്കിംങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, ഹിറ്റ്‌ലര്‍ തുടങ്ങിയ ചിത്രങ്ങളുടെ നിലവാരം അന്വേഷിച്ച് ടിക്കറ്റെടുക്കുന്നവര്‍ക്ക് കിംഗ് ലയര്‍ നിരാശയാവും സമ്മാനിക്കുകയെന്ന കാര്യത്തില്‍ ലവലേശം അതിശയോക്തിയുണ്ടാവില്ല. മലയാള സിനിമയുടെ അവിഭാജ്യഘടകമായ ദിലീപിന്റെ പതിവ് ഹാസ്യത്തിനപ്പുറം ക്ലീഷേപരമല്ലാത്ത ഒന്നുംതന്നെ കിംഗ് ലെയര്‍ പറയുന്നുമില്ല. പെരുംനുണയനായ ഒരു വ്യക്തി നുണപറഞ്ഞ് ഫലിക്കുമ്പോഴുണ്ടാകുന്ന പൊട്ടിച്ചിരികള്‍ തിയറ്ററിന്റെ അങ്ങിങ്ങായി തിരമാലപോലെ ഒഴികിയെത്തുന്നു. സിദ്ധീഖ്-ലാല്‍ എന്ന കൂട്ടുകെട്ടില്‍ നിന്ന് നാം പ്രതീക്ഷിക്കുന്ന ഒരു നര്‍മ്മഭാഷ്യത്തിന്റെ കയ്യൊപ്പ് എവിടെയും പതിയാത്ത ചിത്രം കാണാാന്‍ മുന്‍വിധികളില്ലാതെ വേണം കയറാന്‍. ദിലീപിന്റെ പതിവ് ജനപ്രിയ ചിത്രത്തിനപ്പുറത്തേക്ക് പോകാന്‍ ഒരു വേളയിലും സിനിമ തയ്യാറാകുന്നുമില്ല.നേരമ്പോക്കുകള്‍ നുണപറയുന്ന ഒരു സാധാരണ മനുഷ്യനപ്പുറം അസാധാരണമായ കുത്തിയൊഴുക്കാണ് ചിത്രം നടത്തുന്നത്. ഇതിലെവിടെയുംതന്നെ സിദ്ധീഖ്-ലാല്‍ കൂട്ടുകെട്ടിന്റെ വിജയമന്ത്രങ്ങളൊന്നുംതന്നെ ദൃശ്യവുമല്ല. നുണയെന്നത് തികച്ചും നെഗറ്റീവായൊരു സമസ്യയല്ലെന്നുള്ള സന്ദേശമാണ് ചിത്രം പറയാതെ പറയുന്നത്. ദിലീപിന്റെ അസാധാരണമായ മെയ് വഴക്കവും ശരീരഭാഷയും നമ്മളെ പൊട്ടിച്ചിരിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. പ്രിയദര്‍ശനും സിദ്ധീഖ്-ലാലുമെല്ലാം മലയാള സിനിമയെ നര്‍മ്മത്തില്‍ പൊതിഞ്ഞ് മലയാളിക്ക് വച്ചുനീട്ടിയപ്പോള്‍ രണ്ടും കയ്യും നീട്ടി സ്വീകരിക്കപ്പെട്ടെന്ന യാഥാര്‍ഥ്യത്തിനപ്പുറം കടക്കാന്‍ കിംഗ് ലയറിന് കഴിയുന്നില്ല.

images

മോഹന്‍ലാലിന്റെ മാനറിസങ്ങളെ കൃത്യമായി ഉപയോഗിക്കപ്പെടുന്നതില്‍ അതേ ഭാവവും ശരീരഭാഷയും അനുകരിക്കുന്നതില്‍ ദിലീപിനോളം മിടുക്കരായ അഭിനേതാക്കള്‍ മലയാളത്തിലില്ലതാനും. കിംഗ് ലയറിലെത്തുമ്പോള്‍ ദിലീപില്‍ കാണുന്ന ലാലിസത്തിന്റെ ചില രൂപങ്ങളും ഭാവങ്ങളും സൂക്ഷ്മമായി മനസ്സിലാക്കിയാല്‍ പ്രേക്ഷകര്‍ക്ക് മറുത്തൊന്നും പറയാനുമുണ്ടാകില്ല. നരന്‍ എന്ന വ്യാജപേരില്‍ ചില്ലറ തട്ടിപ്പും വെട്ടിപ്പുമൊക്കെയായി നടക്കുന്ന സത്യനാരായണന്‍ ദിലീപിന്റെ കയ്യില്‍ ഭദ്രാമാകുമ്പോള്‍ കാമുകിയായ അഞ്ജലിയെ പ്രേമം ഫെയിം മഡോണയില്‍ നിന്ന് എവിടൊക്കെയോ വഴുതിപ്പോകുന്നതും കാണാം. വി ഡി ഡിസൈന്‍സ് ഉടമ ആനന്ദ് വര്‍മ്മയായി ആവറേജിന് മുകളില്‍ത്തന്നെ ലാല്‍ നിലയുറപ്പിക്കുമ്പോള്‍ ഭാര്യ ദേവിക വര്‍മ്മയായെത്തുന്ന ആശാ ശരതിന്റെ വേഷത്തിന് എവിടെയും പുതുമ കൊണ്ടുവരാന്‍ സിദ്ധീഖ്-ലാല്‍മാര്‍ക്ക് കഴിയുന്നുമില്ല. ദൃശ്യത്തിലെ പൊലീസ് ഓഫീസര്‍ക്ക് സമാനമായ ഒച്ചയും ബഹളവും നിറഞ്ഞ കഥാപാത്രത്തിനപ്പുറത്തേക്ക് ആശാ ശരത്തിന് ചിത്രത്തിലൊന്നും ചെയ്യാനുമില്ലാതെ വരുന്നു. ക്യാമറമാന്‍ ആല്‍ബി ചിത്രീകരിച്ച ഓരോ രംഗങ്ങളും മനോഹരമായിത്തന്നെ അഭ്രപാളിയിലേക്ക് പകര്‍ത്തിയപ്പോഴും ദീപക് ദേവിന്റെ പശ്ചാത്തലസംഗീതം പലപ്പോഴും അരോചകമാകുന്നത് കാണാം. തിരക്കഥയിലോ സംവിധാനത്തിലെയോ ആത്മവിശ്വാക്കുറവ് ചിത്രത്തെ പലപ്പോഴും ലാഗ് ചെയ്യുന്നുമുണ്ട്.

hqdefault

ആദ്യപകുതിയില്‍ ദിലീപ്-ബാലുവര്‍ഗീസ് കോമഡി കോമ്പിനേഷന്‍ സീനുകള്‍ ചിരിക്ക് വകനല്‍കുന്നുണ്ടെങ്കിലും പഴകിപ്പുളിച്ച ന്യൂജന്‍ ടോക്കുകളെ തന്നെയാണ് കൂട്ടുപിടിക്കുന്നതും. രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ ശരാശരി പ്രേക്ഷകന്റെ ചിന്താധാരകളെ മാറ്റിപ്പിടിക്കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. ഡിവോഴ്‌സിന്റെ വക്കിലെത്തി നില്‍ക്കുന്ന ആനന്ദ് വര്‍മ്മയെയും ദേവിക വര്‍മ്മയെയും കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമം അന്ത്യന്തം ക്ലേശകരമാകുമ്പോഴും അനവസരത്തിലെ ഹാസ്യരംഗങ്ങള്‍ പലപ്പോഴും പ്രേക്ഷകന്റെ ആസ്വാദനശേഷിയെ കൊഞ്ഞനംകുത്തുന്നുമുണ്ട്. ദുബൈയില്‍ നടക്കുന്ന ഒരു ബ്യൂട്ടി കോണ്ടസ്റ്റ് ക്ലൈമാക്‌സ് ആയപ്പോഴും നാം കണ്ടുമടുത്ത ലോകസിനിമകളെ കടംകൊണ്ടതിന്റെ അവശിഷ്ടങ്ങള്‍ എവിടൊക്കെയോ തങ്ങി നില്‍ക്കുന്നത് ദൃശ്യമാണ്. ഡിവോഴ്‌സിലേക്ക് നീങ്ങുന്ന ദമ്പതികളെ സത്യത്തെ തിരസ്‌കരിച്ചുകൊണ്ട് നുണയിലൂടെതന്നെ ആശയക്കുഴപ്പത്തിലാക്കാന്‍ ദിലീപ് ശ്രമിക്കുന്ന രംഗങ്ങള്‍ മികവാര്‍ന്ന രീതിയില്‍തന്നെ രേഖപ്പെടുത്താന്‍ സിദ്ധീഖിനും ലാലിനും കഴിഞ്ഞിട്ടുണ്ട്.

king-liar-release-date-postponed_34

സലിംകുമാര്‍, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ ദിലീപിന്റെ വാലായി നടന്നവരില്‍ നിന്ന് വ്യത്യസ്ഥമായിത്തന്നെ ബാലുവര്‍ഗീസുമായുള്ള കോമ്പിനേഷന്‍ സീനുകള്‍ ചിരിപടര്‍ത്തുന്നുണ്ട്. ബാലു വര്‍ഗീസിന്റെ എറണാകുളം സ്ലാങ്ങും കോസ്റ്റിയുമും ന്യുജന്‍ ഭാവങ്ങളുമൊക്കെ ചിത്രത്തിന്റെ ഹാസ്യസ്വീക്കന്‍സുകള്‍ക്ക് തിളക്കം കൂട്ടുന്നുണ്ട്. നാട്ടുമ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ സത്യനാരായണനൊപ്പം പഠിച്ച അഞ്ജലി മുതിര്‍ന്നപ്പോള്‍ പബ്ലിക് സ്‌കൂള്‍ ചുവയോടെ സംസാരിക്കുന്ന അസാധാരണത്വം പ്രേക്ഷകര്‍ക്ക് അസ്വാഭാവികതയും അരോചകവും സൃഷ്ടിക്കുന്നുണ്ട്. ക്ലൈമാക്‌സ് സീനിനായി ഒരുക്കിയ ബ്യൂട്ടി കോണ്ടസ്റ്റ് സീനുകള്‍ പുതിയ തലമുറയ്ക്ക് ത്രില്ലടിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ദിലീപ് എന്ന ജനപ്രിയ നായകന്റെ മാനറിസങ്ങളെ കൃത്യമായി ഉപയോഗിക്കുന്നതിനിപ്പുറം ഒരു സിദ്ധീഖ്-ലാല്‍ ടച്ച് ചിത്രത്തിലെവിടെയും ദൃശ്യമാകുന്നില്ല. മലയാളി കണ്ടുമടുത്ത ദൃശ്യാനുഭവത്തില്‍ നിന്നും ആഖ്യാനരീതിയില്‍ നിന്നും തെന്നിമാറാന്‍ ചിത്രം ശ്രമിക്കുന്നുണ്ടെങ്കിലും അത് പലപ്പോഴും ചെറിയ തോതില്‍ ബോറടിപ്പിക്കുകതന്നെ ചെയ്യുന്നുണ്ട്. ദിലീപിന്റെ പതിവ് ബോറന്‍ കോമഡി ചിത്രത്തില്‍ നിന്നൊരു മോചനമായിത്തന്നെ വേണം കിംഗ് ലയറിനെ വിലയിരുത്താന്‍. രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള സിദ്ധീഖ്-ലാല്‍ കൂട്ടുകെട്ടിന്റെ ചിത്രത്തില്‍ ഒരു സാധാരണ പ്രേക്ഷകനെ രസിപ്പിക്കാനുള്ള എല്ലാ ചേരുവകകളുമുണ്ടെന്നത് വിസ്മരിക്കാനാവില്ല.