ദമാസ്‌കസ്: ഇസ്ലാമിക് സ്റ്റേറ് ഭീകരില്‍ നിന്ന് സിറിയന്‍ സൈന്യം പിടിച്ചെടുത്ത പാല്‍മീറ നഗരത്തില്‍ തലയറുത്തും വെടിവച്ചും കൊലപ്പെടുത്തിയ നിലയിലുള്ള 40 മൃതദേഹങ്ങളടങ്ങിയ ശ്മശാനം കണ്ടെത്തി. ഉദ്യോഗസ്ഥര്‍, സൈനികര്‍, അവരുടെ ബന്ധുക്കള്‍ എന്നിവര്‍ ഇതിലുള്‍പ്പെടുന്നു. ഇതില്‍ 24 പേര്‍ സിവിലിയന്‍മാരും മൂന്നു പേര്‍ കുട്ടികളുമാണ്. ചിലരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണു റഷ്യന്‍ സൈന്യത്തിന്റെ പിന്തുണയോടെ സിറിയന്‍ സൈന്യം ഐഎസിന്റെ പക്കല്‍നിന്നു പാല്‍മീറ തിരിച്ചുപിടിച്ചത്. ഐഎസിന്റെ നിയന്ത്രണത്തിലുള്ള അല്‍ ഖര്‍യാതെയ്ന്‍, സുഖ്‌ന എന്നീ നഗരങ്ങളാണു സൈന്യത്തിന്റെ അടുത്ത ലക്ഷ്യം. സൈനിക വിമാനത്താവളമുള്ള ഇവിടെ നിന്നായിരിക്കും ഐഎസിനെതിരെയുള്ള കൂടുതല്‍ നടപടികള്‍ക്കു രൂപം നല്‍കുകയെന്നു സിറിയന്‍ സൈന്യം പറഞ്ഞു. ഐഎസ് ഭീകരര്‍
പൈശാചികമായി കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങളാണിതെന്ന് സിറിയ സ്ഥിരീകരിച്ചു.