ലഷ്‌കര്‍ ഇ ത്വയിബയുടെ സാമ്പത്തിക സ്രോതസുകള്‍ക്ക് തടയിടാന്‍ യുഎസും സൗദി അറേബ്യയും ഒന്നിക്കുന്നു; ആറോളം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഉപരോധം

വാഷിങ്ടണ്‍:  ഭീകരസംഘടനയായ ലഷ്‌കര്‍ ഇ ത്വയിബയുടെ സാമ്പത്തിക സ്രോതസുകള്‍ക്ക് തടയിടാന്‍ യുഎസും സൗദി അറേബ്യയും ഒന്നിക്കുന്നു. ഇതിന്റെ ഭാഗമായി സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്‍കിവരുന്ന ആറോളം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുംമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നീക്കത്തെ ഇന്ത്യ സ്വാഗതം ചെയ്തിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന രണ്ട് സംഘടനകള്‍ക്കും നാലു വ്യക്തികള്‍ക്കുമെതിരെയാണ് ഇരുരാജ്യങ്ങളുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍തന്നെ സൗദി അറേബ്യ സന്ദര്‍ശിക്കാനിരിക്കെയാണ് യുഎസിനൊപ്പം ചേര്‍ന്ന് ഭീകരവിരുദ്ധ നീക്കം ശക്തമാക്കുന്ന സൗദിയുടെ ഈ നടപടിയെന്നത് ശ്രദ്ധേയമാണ്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സ്രോതസ് മരവിപ്പിക്കാന്‍ യുഎസും സൗദി അറേബ്യയും സംയുക്തമായി നീക്കം നടത്തുന്നത് ഇത് രണ്ടാം തവണയാണ്.

© 2024 Live Kerala News. All Rights Reserved.