പത്താന്‍കോട്ട് ഭീകരാക്രമണം; നാല് ഭീകരരെകുറിച്ചുള്ള വിവരങ്ങള്‍ പാകിസ്താന് കൈമാറി

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണം നടത്തിയ നാല് പാക് വംശജരെകുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ പാകിസ്താന് കൈമാറി. പാകിസ്ഥാനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളില്‍ നിന്നുള്ള നാലുപേരുടെ വിവരങ്ങളാണ് എന്‍.ഐ.എ കൈമാറിയത്. നസീര്‍ ഹുസൈന്‍, ഹഫീസ് അബൂബക്കര്‍, ഉമര്‍ ഫറൂഖ്, അബ്ദുള്‍ ഖയൂം എന്നിവരുടെ വിവരങ്ങളാണ് നല്‍കിയത്. ഡി.എന്‍.എ പരിശോധനക്കായി ഇവരുടെ ബന്ധുക്കളുടെ വിവരങ്ങള്‍ കൈമാറണമെന്നും എന്‍.ഐ.എ പാക് സംഘത്തോട് ആവശ്യപ്പെട്ടു.

പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള കാശിഷ് ജാന്‍, ശഹീദ് ലത്തീഫ് എന്നിവരാണ് പാകിസ്ഥാനില്‍ നിന്നും ആക്രമണം നടത്തിയ സംഘത്തെ നിയന്ത്രിച്ചത്. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങളില്‍നിന്നാണ് ഇവരെക്കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചതെന്നും ഇന്ത്യ പാകിസ്ഥാനെ അറിയിച്ചു. ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിനെ ചോദ്യം ചെയ്യാന്‍ അവസമൊരുക്കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെത്തി തെളിവെടുപ്പ് നടത്താന്‍ അവസരമൊരുക്കിയതിന് പ്രത്യുപകാരമെന്ന നിലയിലാണ് ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുള്ളത്. ഇതില്‍ തീരുമാനമെടുക്കേണ്ടത് പാകിസ്ഥാന്‍ സര്‍ക്കാരാണ്.

© 2024 Live Kerala News. All Rights Reserved.