പത്താന്‍കോട്ട് ഭീകരാക്രമണം; പാക് സംഘം ഇന്നു മുതല്‍ സാക്ഷികളുടെ മൊഴിയെടുക്കും

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണ കേസ് അന്വേഷിക്കുന്ന പാക് സംഘം ഇന്നു മുതല്‍ സാക്ഷികളുടെ മൊഴിയെടുക്കും. പഞ്ചാബ് പൊലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച പാക് സംഘം ഇന്ത്യന്‍ അന്വേഷണ സംഘമായ എന്‍.ഐ.എ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ചിലരെ പാകിസ്താനില്‍ അറസ്റ്റ് ചെയ്തതായി അന്വേഷണ സംഘം അറിയിച്ചെന്ന് എന്‍.ഐ.എ മേധാവി ശരത് കുമാര്‍ വ്യക്തമാക്കി. അറസ്റ്റിലായവരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് താഹിര്‍ റായ് നയിക്കുന്ന പാക് സംഘവുമായി എന്‍.ഐ.എ ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ 300 ചോദ്യങ്ങളുടെ പട്ടിക കൈമാറി.

ആക്രമണത്തിന് പിന്നിലെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെയും അയാളുടെ സഹോദരന്‍ അബ്ദുല്‍ റൗഫിന്റെയും ശബ്ദ സാമ്പിള്‍ നല്‍കണമെന്നും തീവ്രവാദ സംഘടന നടത്തുന്ന ട്രസ്റ്റിന്റെ വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ചാവേറായ നാസിറിന്റെ മാതാവ് ഖയ്യാം ബാബറിന്റെ ശബ്ദ സാമ്പിളും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശരത് കുമാര്‍ അറിയിച്ചു. ആക്രമണത്തിനിടയില്‍ നാസിര്‍ മാതാവുമായി സംസാരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അസ്ഹറിനെയും റൗഫിനെയും വിട്ടുകിട്ടണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ ആക്രമണത്തില്‍ അവര്‍ക്കുള്ള പങ്കിനെക്കുറിച്ച് ചോദ്യം ചെയ്യണമെന്നും മൊഴി കൈമാറണമെന്നും പാക് സംഘത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ജനുവരി 12ന് നടന്ന പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ ഏഴു സുരക്ഷ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. 80 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ നാല് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി എന്‍.ഐ.എ പാക് സംഘത്തിന് കൈമാറിയിട്ടുണ്ട്. തീവ്രവാദികള്‍ തട്ടിയെടുത്ത് ഉപയോഗിച്ച പൊലീസ് സൂപ്രണ്ട് സല്‍വിന്ദര്‍ സിങ്ങിന്റെയും അദ്ദേഹത്തിന്റെ സുഹൃത്ത് രാജേഷ് വര്‍മയുടെയും ഫോണിലെ കോളുകള്‍ സംബന്ധിച്ച രേഖകള്‍, പിടിച്ചെടുത്ത ആയുധങ്ങളിലെ സീരിയല്‍ നമ്പറുകള്‍, ഫോറന്‍സിക്, ബാലസ്റ്റിക് റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ തെളിവുകളും കൈമാറിയിട്ടുണ്ട്. നാലു തീവ്രവാദികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൈമാറിയ വിവരങ്ങള്‍ പാക് സംഘം അന്വേഷിച്ച് ഉറപ്പാക്കണമെന്നാണ് ആവശ്യമെന്നും എന്‍.ഐ.എ മേധാവി പറഞ്ഞു. തീവ്രവാദികളെ അതിര്‍ത്തിവരെ അനുഗമിച്ചെന്ന് കരുതുന്ന ജയ്െഷ മുഖ്യന്‍ കഷിഫ് ജാന്‍ ഒളിവിലാണെന്നും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും പാക് സംഘം അറിയിച്ചതായി എന്‍.ഐ.എ വ്യക്തമാക്കി. പാക് അന്വേഷണ സംഘം ഏപ്രില്‍ രണ്ടിന് മടങ്ങും.

© 2024 Live Kerala News. All Rights Reserved.