മസ്‌കത്ത്: രാജ്യത്തെ പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധന. ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏപ്രില്‍ അവസാനത്തില്‍ 16,04,158 വിദേശ തൊഴിലാളികളാണ് രാജ്യത്തുള്ളത്. മാര്‍ച്ച് അവസാനത്തെ കണക്കായ 15,94,464ല്‍നിന്ന് 0.6 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.
സ്വകാര്യ മേഖലയിലാണ് ഏറ്റവുമധികം പേര്‍ തൊഴിലെടുക്കുന്നത്.12 ലക്ഷത്തിലധികം പേരാണ് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍. 14,16,162 പുരുഷ തൊഴിലാളികളും 1,87,996 സ്ത്രീ തൊഴിലാളികളുമാണ് രാജ്യത്ത് ഉള്ളതെന്നും കണക്കുകള്‍ പറയുന്നു.
രാജ്യം തിരിച്ചുള്ള കണക്കെടുക്കുമ്പോള്‍ ഇന്ത്യക്കാരാണ് അധികമുള്ളത്. ഇന്ത്യന്‍ തൊഴിലാളികള്‍ 0.9 ശതമാനം വര്‍ധിച്ച് 6,19,850 ആയി.
ഇതില്‍ 5,85,836 പേര്‍ പുരുഷ തൊഴിലാളികളാണ്. ബംഗ്‌ളാദേശില്‍നിന്നുള്ളവരുടെ എണ്ണം 0.7 ശതമാനം വര്‍ധിച്ച് 5,54,114 ആയി. 5,28,332 പുരുഷ തൊഴിലാളികളാണ് ബംഗ്‌ളാദേശില്‍നിന്നുള്ളത്. പാകിസ്താനില്‍നിന്നുള്ളവരുടെ എണ്ണമാകട്ടെ 0.3 ശതമാനം വര്‍ധിച്ച് 2,14,016 ആയി.
ഇത്യോപ്യയില്‍നിന്നുള്ളവരുടെ എണ്ണത്തില്‍ 2.6 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഇതില്‍ 30,833 പേരും സ്ത്രീകളാണ്. ഇന്തോനേഷ്യയില്‍നിന്നുള്ളവരില്‍ സ്ത്രീ തൊഴിലാളികളാണ് ഭൂരിപക്ഷവും. 39,737 തൊഴിലാളികളില്‍ 39,085 പേരും സ്ത്രീകളാണ്. 21,415 സ്ത്രീ തൊഴിലാളികളടക്കം 31,942 ഫിലിപ്പീന്‍സുകാരും സുല്‍ത്താനേറ്റിലുണ്ട്.പ്രവാസികളില്‍ ഭൂരിപക്ഷവും ലേബര്‍ തസ്തികയിലാണ് തൊഴിലെടുക്കുന്നത്. 5,23,139 പുരുഷന്മാരടക്കം 5,89,373 ലേബര്‍മാരാണ് ഒമാനിലുള്ളത്.
സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുള്ള 2,41,857 പേരും ഡിപ്‌ളോമ സര്‍ട്ടിഫിക്കറ്റുള്ള 52,942 പേരും സര്‍വകലാശാല ബിരുദമുള്ള 92,610 പേരും ഉന്നത ഡിപ്‌ളോമയുള്ള 52,942 പേരും മാസ്റ്റര്‍ യോഗ്യതയുള്ള 5,953 പേരും പി.എച്ച്.ഡിയുള്ള 2,793 പേരും പ്രവാസികളില്‍ ഉണ്ട്. നിരക്ഷരരായ 21,416 പ്രവാസികളും രാജ്യത്ത് തൊഴിലെടുക്കുന്നുണ്ട്. മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവുമധികം പ്രവാസികളുള്ളത്, 7,18,133. 0.9 ശതമാനത്തിന്റെ വര്‍ധനവാണ് ഇവിടെ രേഖപ്പെടുത്തിയത്. വടക്കന്‍ ബാത്തിനയില്‍ 2,08,042ഉം ദോഫാറില്‍ 1,76,968 ഉം പ്രവാസികള്‍ തൊഴിലെടുക്കുന്നതായി കണക്കുകള്‍ പറയുന്നു