സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമി ഇടപാടില്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ പങ്കെന്ത്? ത്വരിത പരിശോധന നടത്താന്‍ കോടതി നിര്‍ദേശം

തിരുവനന്തപുരം: സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമി ഇടപാട് കേസില്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശിന് എതിരെ ത്വരിത പരിശോധനയ്ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. സന്തോഷ് മാധവന് എതിരേയും ബിനാമി കമ്പനിക്ക് എതിരേയും അന്വേഷണം. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മെഹ്ത്ത ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും അന്വേഷണത്തിന് ഉത്തരവ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കൂടി ഉള്‍പ്പെടുത്തണം എന്ന ആവശ്യം കോടതി തള്ളി. അന്വേഷണത്തിന് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ തന്നെ ചുമതലപ്പെടുത്തണമെന്നും കോടതി. ഐടി വ്യവസായത്തിന് എന്ന വ്യാജേനെ ആണ് വടക്കന്‍ പറവൂരിലേയും മാളയിലേയും നെല്‍വയല്‍ ഉള്‍പ്പെടുന്ന 127 ഏക്കര്‍ ഭൂമി തിരികെ നല്‍കാന്‍ റവന്യു വകുപ്പ് ഉത്തരവിട്ടത്. സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള ആര്‍എംഇസെഡ് എന്ന കമ്പനിക്കാണ് സ്ഥലം നല്‍കിയത്. ഇതിനെതിരെ എംഎല്‍എമാരായ വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍ , കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. വ്യാപക എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രിസഭ വിവാദ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ആര്‍എംഇസെഡിന്റെ ഉടമസ്ഥതയിലായിരുന്ന ആയിരുന്ന സ്ഥലം 2009 ജനുവരിയിലാണ് സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്തത്. തുടര്‍ന്ന് ഇക്കോ ഫുഡ് പാര്‍ക്ക് ആരംഭിക്കണം എന്ന് ആവശ്യപ്പെട്ട് കമ്പനി സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ എറണാകുളം,തൃശൂര്‍ ജില്ലാ കളക്ടര്‍മാരുടെ റിപ്പോര്‍ട്ട് എതിരായതിനാല്‍ അനുമതി ലഭിച്ചില്ല. ഐടി വ്യവസായത്തിനെന്ന വ്യാജേനെ ആണ് കമ്പനി ഇത്തവണ സര്‍ക്കാരിനെ സമീപിച്ചത്. ഇതില്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശിന്റെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു ഇടപാട്.

© 2024 Live Kerala News. All Rights Reserved.