വൈദ്യപരിശോധന: സൗദിയുടെ ഔദ്യോഗിക രേഖകളില്‍ കേരളത്തിനെതിരെ പരാതി

 

ബെയ്‌റൂത്ത്: വിക്കിലീക്‌സ് പുറത്തുവിട്ട സൗദി അറേബ്യന്‍ വിദേശകാര്യമന്ത്രാലയത്തിലെ രഹസ്യരേഖകളില്‍ കേരളത്തിലെ വൈദ്യപരിശോധനയെക്കുറിച്ച് പരാതി. സൗദിയിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കേരളത്തില്‍ നടത്തുന്ന വൈദ്യപരിശോധനയില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്നാണ് പരാതി. മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കും വ്യാജ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

വിവിധ രാജ്യങ്ങളിലെ സൗദി എംബസികളും സൗദി അറേബ്യന്‍ വിദേശകാര്യമന്ത്രാലയവും തമ്മിലുള്ള രഹസ്യ ആശയവിനിമയങ്ങളാണ് കഴിഞ്ഞദിവസം വിക്കിലീക്‌സ് പുറത്തുവിട്ടത്. കേരളത്തില്‍ നടക്കുന്ന വൈദ്യപരിശോധനകളിലെ ക്രമക്കേടുകളെക്കുറിച്ച് 2013 ജനുവരി പതിനഞ്ചിന് സൗദി വിദേശകാര്യ മന്ത്രാലയത്തിനു ലഭിച്ച പരാതിയും ഇതില്‍ ഉള്‍പ്പെടുന്നു. യഥാര്‍ഥ ഡോക്ടര്‍മാര്‍ക്കു പകരം, പകരക്കാരെ ഉപയോഗിച്ച് കേരളത്തില്‍ വൈദ്യ പരിശോധന നടത്തുന്നുവെന്നാണ് പരാതിയിലെ ആക്ഷേപങ്ങളിലൊന്ന്. അംഗീകാരമില്ലാത്ത ലബോറട്ടറികളിലാണ് സാമ്പിളുകള്‍ പരിശോധിക്കുന്നത്. എച്ച്‌ഐവി ബാധിതര്‍ക്കും ക്ഷയരോഗമുള്ളവര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നുണ്ട്.

ഇന്ത്യയിലെ സൗദി കോണ്‍സുലേറ്റും ചില ട്രാവല്‍ ഏജന്‍സികളും തമ്മില്‍ ഒത്തുകളിക്കുകയാണ്. ഗൂഢാലോചനയില്‍ പങ്കാളികളായെന്ന് ആരോപിക്കപ്പെടുന്ന കേരളത്തിലെ ഏതാനും ട്രാവല്‍ ഏജന്‍സികളുടെ പേരുകളും പരാതിയിലുണ്ട്. ധാര്‍മികതയ്ക്ക് നിരക്കാത്ത വിധമാണ് കേരളത്തിലെ വൈദ്യപരിശോധനയെന്നും പരാതിയില്‍ പറയുന്നു. കേരളത്തിലെ വൈദ്യപരിശോധനയെക്കുറിച്ചുള്ള പരാതികള്‍ രണ്ടുവര്‍ഷം മുന്‍പേ സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് വിക്കിലീക്‌സ് പുറത്തുവിട്ട രേഖകള്‍.

© 2024 Live Kerala News. All Rights Reserved.