ബാറുകള്‍ പൂട്ടിയതോടെ കഞ്ചാവില്‍ മുങ്ങി കേരളം; കഞ്ചാവും ലഹരി മരുന്നുകളും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സുലഭം

കോഴിക്കോട്: ബാറുകള്‍ പൂട്ടിയതിനെതുടര്‍ന്ന് മദ്യലഭ്യത കുറഞ്ഞതോടെ ലഹരിയില്‍ പുതുവഴികള്‍ തേടുകയാണ് യുവതലമുറ. ലഹരി തേടി കഞ്ചാവിലും മയക്കുമരുന്നിലും അഭയം തേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായാണ് സൂചന. കഞ്ചാവു കേസുകളിലും പിടിച്ചെടുത്ത കഞ്ചാവിന്റെ അളവിലും വന്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്യുന്നു. ബാര്‍ പൂട്ടിയതിന് ശേഷം കഞ്ചാവും മയക്ക് മരുന്നും ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ബാറുകള്‍ പൂട്ടുന്നതിന് മുമ്പ് പിടിച്ചെടുത്ത കഞ്ചാവിനേക്കാള്‍ മൂന്നിരട്ടി കഞ്ചാവാണ് അതിന് ശേഷം പിടികൂടിയത്. 2014 ഏപ്രില്‍ മുതല്‍ 2015 മാര്‍ച്ച് വരെ 603 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. 2014ന് മുമ്പ് ഇത് വെറും 200 കിലോയ്ക്ക് അടുത്ത് മാത്രമായിരുന്നു. 2015ല്‍ ഇത് 695 കിലോ ആയി ഉയര്‍ന്നു. 2014ല്‍ 970 കേസുകള്‍ എക്‌സൈസ് മാത്രം റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2015ല്‍ ഇത് 1425 ആയി വര്‍ധിച്ചു. 2016ല്‍ ഈ കണക്കുകള്‍ വന്‍തോതില്‍ വര്‍ധിക്കുമെന്ന സൂചനകളാണ് ലഭിച്ചു തുടങ്ങിയിരിക്കുന്നത്. രണ്ട് മാസത്തിനിടെ തിരുവനന്തപുരത്ത് മാത്രം പിടിച്ചെടുത്തത് 43 കിലോ കഞ്ചാവാണ്. കൊല്ലത്താകട്ടെ അഞ്ച് കിലോ കഞ്ചാവും മയക്ക് മരുന്ന് ആംപ്യൂളും ഗുളികകളും പിടിച്ചെടുത്തു. തൃശ്ശുരില്‍ മൂന്ന് മാസത്തിനിടെ 39 കിലോ കഞ്ചാവു പിടിച്ചപ്പോള്‍ മലപ്പുറത്ത്് 48 കിലോ പിടിച്ചെടുത്തു. കോഴിക്കോട് ആകെ 390 ഗ്രാം കഞ്ചാവ് മാത്രമാണ് പിടികൂടിയിരിക്കുന്നത്.  ഒഡീഷ, ബിഹാര്‍, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് കഞ്ചാവ് ഒഴുകുന്നത്. അതിര്‍ത്തിയില്‍ വന്‍തോതില്‍ എത്തുന്ന കഞ്ചാവ് സംസ്ഥാനത്തേക്ക് ചില്ലറയായി കൊണ്ടുവരികയാണ് ചെയ്യുന്നത്. കമ്പം ആണ് കഞ്ചാവ് വില്‍പ്പനക്കാരുടെ ഇടത്താവളം. യാത്രാ ബസുകളില്‍ നിന്നും മറ്റുമാണ് ഏറെയും കഞ്ചാവ് പിടിക്കുന്നത്. രഹസ്യവിവരം കിട്ടിയാല്‍ മാത്രമാണ് പരിശോധനയെന്നിരിക്കെ പിടിച്ചെടുത്തതിലും എത്രയോ അധികം കഞ്ചാവ് ഇതിനോടകം എത്തിച്ചിരിക്കാനാണ് സാധ്യത.

© 2024 Live Kerala News. All Rights Reserved.