കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പൊതു മാനദണ്ഡമില്ല; തര്‍ക്കമുള്ള സീറ്റുകളില്‍ പാനല്‍ രൂപീകരിക്കാന്‍ തീരുമാനം; അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് സമിതിക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പൊതു മാനദണ്ഡമുണ്ടാകില്ലെന്ന് എഐസിസി. തര്‍ക്കമുള്ള സീറ്റുകളില്‍ പാനല്‍ രൂപീകരിക്കാനും തീരുമാനമായി. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് സമിതിക്ക് വിട്ടു. തെരഞ്ഞെടുപ്പ് സമിതി വെള്ളിയാഴ്ച യോഗം ചേരും. . വിജയ സാധ്യത പരിഗണിച്ചാകും പട്ടിക തയ്യാറാക്കുക. വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു. സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനുള്ള എഐസിസി യോഗത്തിലാണ് തീരുമാനം.

തുടര്‍ച്ചയായി നാല് തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ ഇതിനെതിരെ എ,ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിരുന്നു. ഇന്നലെ ചേര്‍ന്ന എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ സുധീരന് എതിരെ കെ. മുരളീധരനും ആര്യാടന്‍ മുഹമ്മദും രംഗത്തെത്തിയിരുന്നു. തുടര്‍ച്ചായായ ജയം ജനങ്ങളുടെ പിന്തുണയാണ് സൂചിപ്പിക്കുന്നതെന്ന് നേതാക്കള്‍ വാദിച്ചു. നേതാക്കളുടെ വാദത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പിന്‍താങ്ങി. ജയസാധ്യതയാണ് പരിഗണിക്കേണ്ടതെന്ന് ഇരുവരും പറഞ്ഞു. സിറ്റിംഗ് എംഎല്‍എമാരുടെ സീറ്റില്‍ ഒന്നിലധികം പേരെ നിര്‍ദ്ദേശിച്ചതും നേതാക്കള്‍ വിമര്‍ശിച്ചു. മാറി നില്‍ക്കാന്‍ സ്വയം സന്നദ്ധരായ സിറ്റിംഗ് എംഎല്‍എമാരുടെ മണ്ഡലത്തില്‍ മാത്രം ഒന്നിലധികം പേരുകള്‍ പരിഗണിച്ചാല്‍ മതിയെന്ന് ഉമ്മന്‍ചാണ്ടി നിലപാടെടുത്തു. സര്‍ക്കാരിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ യുഡിഎഫിന്റെ ജയ സാദ്ധ്യത ഇല്ലാതാക്കി എന്ന് ഹൈക്കമാന്‍ഡ് വിമര്‍ശിച്ചു. എന്നാല്‍ ഇത് പ്രതിപക്ഷത്തിന്റെ വെറും ആരോപണം മാത്രമാണെന്ന് ഉമ്മന്‍ചാണ്ടി മറുപടി നല്‍കി.

© 2024 Live Kerala News. All Rights Reserved.