പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന പാക് സംഘം വ്യോമ സേനാ കേന്ദ്രത്തില്‍ പരിശോധന നടത്തി; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന പാകിസ്താന്‍ അന്വേഷണ സംഘം ആക്രമണമുണ്ടായ വ്യോമസേനാ കേന്ദ്രത്തില്‍ പരിശോധന നടത്തി. പാക് സംഘത്തിന് എതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിമുക്ത ഭടന്മാരും വ്യോമതാവളത്തിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. തീവ്രവാദി ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാക് സംഘം ഇന്ത്യയിലെത്തുന്നത് ആദ്യമായാണ്.

രാവിലെ അമൃത്സര്‍ വിമാനത്തവാളത്തില്‍ വന്നിറങ്ങിയ പാക് സംഘം ബുള്ളറ്റ് പ്രൂഫ് കാറുകളിലാണ് വ്യോമതാവളത്തിലെത്തിയത്. പാകിസ്താനിലെ പഞ്ചാബ് തീവ്രവാദ വിരുദ്ധ വകുപ്പ് അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുഹമ്മദ് താഹിര്‍ റായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഡല്‍ഹിയിലെത്തി. പാക് ഐ.ബി.യുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ലഹോര്‍ മുഹമ്മദ് അസിം അര്‍ഷാദ്, മിലിട്ടറി ഇന്റലിജന്‍സ് ലഫ്.കേണല്‍ ഇര്‍ഫാന്‍ മിര്‍സ, ഐ.എസ്.ഐ.യുടെ ലഫ്.കേണല്‍ തന്‍വീര്‍ അഹമ്മദ്, ഗുജ്‌റാന്‍ വാലയിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷഹീദ് തന്‍വീര്‍ എന്നിവരാണ് സംഘാംഗങ്ങള്‍.

© 2024 Live Kerala News. All Rights Reserved.