സൗദിയിലും പന്നിയിറച്ചിക്ക് ഡിമാന്റ്; രഹസ്യമായി കടത്താന്‍ ശ്രമിച്ച 54 കിലോ പിടികൂടി

റിയാദ്: അറേബ്യന്‍ രാജ്യമായ സൗദിയിലും പന്നിയിറച്ചിക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. പന്നിയിറച്ചിയെ ഹറാമെന്ന് കരുതുന്ന സൗദിയിലേക്ക് ട്രക്കില്‍ രഹസ്യമായി ഒളിപ്പിച്ചു കടത്തുകയായിരുന്ന 54 കിലോ പന്നിയിറച്ചി പിടികൂടി. സൗദി അതിര്‍ത്തി ചെക്‌പോസ്റ്റായ ബത്ഹയില്‍ വച്ചാണ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മാംസം കസ്റ്റംസ് വിഭാഗം പിടികൂടിയത്. ട്രക്കില്‍ പ്രത്യേകം ഘടിപ്പിച്ച റഫ്രിജറേറ്ററില്‍ ഐസ് കട്ടകള്‍ കൊണ്ട് മൂടി ഒളിപ്പിച്ച നിലയിലായിരുന്നു പന്നിയിറച്ചി കണ്ടെത്തിയതെന്ന് ബത്ഹ കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ റഹ്മാന്‍ അല്‍മുഹ്ന് പറഞ്ഞു. പന്നിയിറച്ചി കടത്താന്‍ ശ്രമിച്ച ട്രക്കിലുണ്ടായിരുന്ന തൊഴിലാളികളെ പിടികൂടിയതായും തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വിഭാഗത്തിനു കൈമാറിയതായും അധികൃതര്‍ അറിയിച്ചു. ഇസ് ലാമിക അധ്യാപനത്തിനും ശരീഅത്തിനും നിയമത്തിനും വിരുദ്ധമായ എന്തു വസ്തുവും രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നത് ഗുരുതര കുറ്റകൃത്യമാണ്.