ജയലളിതയെ കുറ്റവിമുക്തയാക്കിയ വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ബെംഗളൂരു: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഹൈക്കോടതി വിധി നിയമവിരുദ്ധമാണെന്നും കണക്കിലെ പിശക് വിധിയെ അപ്രസക്തമാക്കുന്നതായും അപ്പീല്‍ ഹര്‍ജിയില്‍ കര്‍ണാടക ആരോപിക്കുന്നു. കര്‍ണാടക ഹൈക്കോടതി വിധിയില്‍ കണക്കുകള്‍ സംബന്ധിച്ച ഗുരുതരമായ പിഴവുണ്ടെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ആദ്യം തീരുമാനമെടുത്തിരുന്നില്ല. കോണ്‍ഗ്രസ് നേതൃത്വവും അപ്പീല്‍ നല്‍കുന്നതിനോട് യോജിച്ചിരുന്നില്ല. സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കര്‍ണാടക മന്ത്രിസഭായോഗം അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്.

അനധികൃത സ്വത്തുകേസില്‍ ജയലളിതയെയും തോഴി വി.കെ. ശശികല, ഇവരുടെ സഹോദരീപുത്രന്‍ വി.എന്‍. സുധാകരന്‍, സഹോദരഭാര്യ ജെ. ഇളവരശി എന്നിവരെയും കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു മാത്രമല്ല പിടിച്ചെടുത്ത സ്വത്തുവകകള്‍ വിട്ടുകൊടുക്കാനും ഉത്തരവിട്ടു. ജയയ്ക്കും കൂട്ടര്‍ക്കും നാലുവര്‍ഷം തടവും ജയയ്ക്കു 100 കോടിയിലേറെ രൂപ പിഴയും വിധിച്ചുകൊണ്ടുള്ള 2014 സെപ്റ്റംബര്‍ 27ലെ പാരപ്പന അഗ്രഹാര പ്രത്യേക കോടതിയുടെ ഉത്തരവാണു ജസ്റ്റിസ് സി.ആര്‍. കുമാരസ്വാമി തള്ളിയത്. കുറ്റവിമുക്തയായതിനു പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത വീണ്ടും ചുമതലയേറ്റു.

© 2024 Live Kerala News. All Rights Reserved.