ബ്രസല്‍സില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു; തീവ്രവാദികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

ബ്രസല്‍സ്: ബ്രസല്‍സില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഐഎസുമായി ബന്ധമുള്ള അമാഖ് ഏജന്‍സിയാണ് പ്രസ്താവനയിറക്കിയത്. തീവ്രവാദികളുടെ  ചിത്രങ്ങള്‍ ബെല്‍ജിയന്‍ പൊലീസ് പുറത്തുവിട്ടു. എയര്‍പോര്‍ട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. രാജ്യം ഭയന്നത് പോലെ തന്നെ സംഭവിച്ചെന്ന് ആക്രമണത്തെക്കുറിച്ച് ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മൈക്കല്‍ പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബെല്‍ജിയം സന്ദര്‍ശനത്തിന് മാറ്റമൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കായി ഈ മാസം 30ന് മോഡി ബെല്‍ജിയത്തിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ബെല്‍ജിയത്തിലെ ആണവനിലയങ്ങളില്‍നിന്നു ജീവനക്കാരെ ഒഴിപ്പിച്ചു. ഡിയോളിലെയും തിഹാംഗിലെയും ആണവനിലയങ്ങളാണ് ബെല്‍ജിയം സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒഴിപ്പിച്ചത്. ജീവനക്കാരെ ഭാഗികമായാണ് ഒഴിപ്പിച്ചതെന്നും അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജോലിക്കാരെ നിലയത്തില്‍ നിലനിര്‍ത്തിയിട്ടുണ്ടെന്നും എംഗി വക്താവ് അറിയിച്ചു. വിമാനത്താവളത്തിലെ അമേരിക്കന്‍ എയര്‍ലൈന്‍സ് ഡെസ്‌കിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് സ്‌ഫോടനമെന്നു കരുതുന്നു. സംഭവത്തെത്തുടര്‍ന്നു വിമാനത്താവളത്തിലെ ജീവനക്കാരെയും യാത്രക്കാരെയും ഒഴിപ്പിച്ചു. പാരിസ് ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരന്‍ സലാ അബ്ദസ്ലാമിനെ കഴിഞ്ഞദിവസം ബ്രസല്‍സില്‍നിന്നാണ് പിടികൂടിയത്. അയാള്‍ ബെല്‍ജിയത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

© 2024 Live Kerala News. All Rights Reserved.