പി സി ജോര്‍ജിനെ മത്സരിപ്പിക്കാമെന്ന് ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍; എല്‍ഡിഎഫുമായി അനുകൂലിക്കുന്ന എല്ലാവര്‍ക്കും സീറ്റ് നല്‍കാനാവില്ല

തിരുവനന്തപുരം: പി.സി ജോര്‍ജിനെ മത്സരിപ്പിക്കാമെന്ന് ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുന്നണിക്കകത്തെ സീറ്റു ചര്‍ച്ചകള്‍ തന്നെ പൂര്‍ത്തിയായിട്ടില്ല. പി.സി ജോര്‍ജ് ഇടതുമുന്നണിയുടെ ഭാഗമല്ല. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന 11 കക്ഷികളുണ്ട്. ആര്‍ക്കൊക്കെ സീറ്റു നല്‍കണമെന്നത് പിന്നീട് തീരുമാനിക്കുമെന്നും എല്‍ഡിഎഫുമായി അനുകൂലിക്കുന്ന എല്ലാവര്‍ക്കും സീറ്റ് നല്‍കാനാവില്ലെന്നും കോടിയേരി പറഞ്ഞു. തന്നെ മല്‍സരിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൂഞ്ഞാറില്‍ മല്‍സരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു പൂഞ്ഞാറിലെ സിറ്റിങ് എംഎല്‍എയായ പിസി. ജോര്‍ജിനെ തെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.യു.ഡി.എഫ് വിട്ട് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ച ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം പൂഞ്ഞാര്‍ സീറ്റിന് അവകാശവാദം ഉന്നയിച്ചിരുന്നു. അവര്‍ക്ക് ഈ സീറ്റ് നല്‍കുമെന്നാണ് സൂചന. ഉഭയകക്ഷി ചര്‍ച്ചയിലൂടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.