സര്‍ക്കാര്‍ പരസ്യങ്ങളില്‍ മന്ത്രിമാരുടെയും ഗവര്‍ണര്‍മാരുടെയും ചിത്രങ്ങള്‍ ആവാം; ഉത്തരവ് സുപ്രീംകോടതി പിന്‍വലിച്ചു

ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ മന്ത്രിമാരുടെയും ഗവര്‍ണര്‍മാരുടെയും ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന 2015ല്‍ പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി പിന്‍വലിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്. സര്‍ക്കാര്‍ പരസ്യങ്ങളില്‍ മുഖ്യമന്ത്രിമാരുടേയും മന്ത്രിമാരുടേയും ഗവര്‍ണമര്‍മാരുടേയും ചിത്രങ്ങള്‍ നിരോധിച്ചുകൊണ്ടുള്ളതായിരുന്നു 2015ലെ സുപ്രീംകോടതി ഉത്തരവ്. അതേസമയം ഔദ്യോഗിക പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റേയും ചിത്രങ്ങള്‍ ഉപയോഗിക്കാമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ കേന്ദ്രസര്‍ക്കാരും ചില സംസ്ഥാനസര്‍ക്കാരുകളും പരാതി സമര്‍പ്പിച്ചിരുന്നു.

പരസ്യത്തിന്റെ ഉള്ളടക്കം എന്തായിരിക്കണമെന്നും അതില്‍ ആരുടെ ചിത്രം നല്‍കണമെന്ന് തീരുമാനിക്കേണ്ടതും സര്‍ക്കാര്‍ ആണെന്ന് കേന്ദ്രസര്‍ക്കാര്‍ പരാതിയില്‍ അവകാശപ്പെട്ടിരുന്നു. ഇത്തരം വിഷയങ്ങളില്‍ കോടതി ഇടപെടരുതെന്നും സര്‍ക്കാര്‍ പരാതിയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നയങ്ങളും നേട്ടങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വ്യക്തിത്വ സംസ്‌കാരത്തിന് തുടക്കമിടുമെന്നും അത് ജനാധിപത്യ പ്രക്രിയയ്ക്ക് വിരുദ്ധമാണന്നുമാണ് 2015ല്‍ ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ കോടതി അഭിപ്രായപ്പെട്ടത്.

© 2024 Live Kerala News. All Rights Reserved.