മദര്‍ തെരേസയുടെ പിന്‍ഗാമി സിസ്റ്റര്‍ നിര്‍മല അന്തരിച്ചു

കൊല്‍ക്കത്ത: മദര്‍ തെരേസയുടെ പിന്‍ഗാമിയും ‘മിഷനറീസ് ഓഫ് ചാരിറ്റി’ എന്ന സന്നദ്ധസംഘടനയുടെ സുപ്പീരിയര്‍ ജനറലും ആയിരുന്ന സിസ്റ്റര്‍ നിര്‍മല അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1997 ലാണ് ‘മിഷനറീസ് ഓഫ് ചാരിറ്റി’യുടെ മേധാവിയായത്. 2009-ല്‍ പദ്മവിഭൂഷന്‍ പുരസ്‌കാരം നല്‍കി രാഷ്ട്രം അവരെ ആദരിച്ചു. 2009 ല്‍ അവര്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നേതൃസ്ഥാനം ഒഴിയുകയും വിശ്രമജീവിതത്തിലേക്ക് കടക്കുകയും ചെയ്തു.

റാഞ്ചിയിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ 1934 ലാണ് അവര്‍ ജനിച്ചത്. മാതാപിതാക്കള്‍ നേപ്പാളില്‍ നിന്നുള്ളവരായിരുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തബിരുദവും പിന്നീട് നിയമപരിശീലനവും നേടിയ അവര്‍ മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി മിഷനറീസ് ഓഫ് ചാരിറ്റിയില്‍ അംഗമാവുകയായിരുന്നു. വാഷിംഗ്ടണിലും, പനാമയിലും മിഷന്റെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.