സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ കടകളില്‍ സ്വദേശിവത്കരണം; മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങും

റിയാദ്: സൗദി അറേബ്യയില്‍ മൊബൈല്‍ ഫോണ്‍ കടകളിലെ സ്വദേശിവത്കരണം. മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയായി. മൊബൈല്‍ ഫോണ്‍ വില്‍പന, അറ്റകുറ്റപ്പണി എന്നീ ജോലികള്‍ ചെയ്യാന്‍ താല്‍പര്യമുള്ള സ്വദേശികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. ഒരു ദിവസം കൊണ്ടു തന്നെ 33,121 ആളുകളാണ് സൗജന്യ പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്തത്.

മാനവ വിഭവശേഷി വകുപ്പായ ഹദഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന തൊഴില്‍ പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്തവരില്‍ ഭൂരിപക്ഷവും വനിതകളാണ്. സാങ്കേതിക സ്വയം തൊഴില്‍ പരിശീലനം നല്‍കുന്ന ജിടിവിടിയുടെ വെബ്‌സൈറ്റിലാണ് രജിസ്‌ഷ്രേന് സംവിധാനമൊരുക്കിയിരിക്കുന്നതെന്ന് ഔദ്യോഗിക വക്താവ് ഫഹദ് അല്‍ ഉതൈബി അറിയിച്ചു. അറ്റകുറ്റപ്പണികളില്‍ പരിശീലനം നേടാനാണ് ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ചിരിക്കുന്നത്. വില്‍പന, കസ്റ്റമര്‍ കെയര്‍ എന്നീ മേഖലകളിലും ജോലി ചെയ്യാന്‍ നിരവധി പേര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 18 വയസ്സ് പൂര്‍ത്തിയായവരാണ് സൗജന്യ പരിശീലനത്തിന് അര്‍ഹതയുള്ളവര്‍. നിലവില്‍ സ്വകാര്യ മേഖലയില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്യുന്നവരും അപേക്ഷിക്കാന്‍ പാടില്ല. പ്രാഥമിക പരിശീലനം ആവശ്യമുള്ളവര്‍ക്ക് 25 മണിക്കൂര്‍, വിദഗ്ധ പരിശീലനം ആവശ്യമുള്ളവര്‍ക്ക് 180 മണിക്കൂര്‍ എന്നിങ്ങനെയാണ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

© 2022 Live Kerala News. All Rights Reserved.