ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ വിവാദ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ വിവാദ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു. പുതുക്കിയ മാനദണ്ഡപ്രകാരം ജൂലായ് ഒന്ന് മുതല്‍ പുതിയതായി ഓപ്ഷന്‍ വിളിക്കും. ഒരു ജില്ലയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരിക്കണം എന്ന വ്യവസ്ഥയാണ് വിവാദമായത്. എന്നാല്‍, ഇത് ആശയവിനിമയത്തില്‍ വന്ന പിഴവായിരുന്നെന്നും അങ്ങനെ ഉദ്ദേശിച്ചിരുന്നില്ലെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കെ.എന്‍.സതീഷ് പറഞ്ഞു.

ജൂലായ് 1ന് പുതിയ വിജ്ഞാപനം വരും. ഒരു ജില്ലയില്‍ ഒരു വിഷയത്തിന് എത്ര പേര്‍ മാറ്റം വേണമെന്ന് അപേക്ഷിക്കുന്നോ അതിന് ആനുപാതികമായുള്ളത്രയും പേരെ മാത്രമേ സ്ഥലംമാറ്റൂ. കൂടുതല്‍ സര്‍വീസുള്ളവരായിരിക്കും സ്ഥലംമാറി പോകേണ്ടിവരിക. എത്ര പേര്‍ ഒരു ജില്ലയിലേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിട്ടുണ്ടെന്ന വിവരം സൈറ്റില്‍ ലഭ്യമാക്കും. ഒഴിവുകളും വരും. പകരം പോകേണ്ടിവരുന്നവര്‍ക്ക് ഓപ്ഷന്‍ നല്‍കാനുള്ള അവസരവുമുണ്ടാകും. ഓണ്‍ലൈനില്‍ രണ്ട് ഘട്ടമായിട്ടായിരിക്കും ഈ നടപടി പൂര്‍ത്തിയാക്കുക. ജൂലായില്‍ത്തന്നെ സ്ഥലംമാറ്റം പൂര്‍ണമാകുമെന്നും ഡയറക്ടര്‍ പറഞ്ഞു. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരെയാണ് സ്ഥലംമാറ്റത്തിന് പരിഗണിക്കുക. ആവശ്യപ്പെട്ട ജില്ലയിലേക്ക് വരുന്നവര്‍ക്ക് പകരമായി മാറി പോകേണ്ടവര്‍ ഓപ്ഷന്‍ നല്‍കിയില്ലെങ്കിലും സ്ഥലംമാറ്റപ്പെടുമെന്ന വ്യവസ്ഥ സര്‍ക്കുലറില്‍ തെറ്റിദ്ധരിക്കപ്പെടുംവിധം വന്നതാണ് പ്രശ്‌നമായതെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വിശദീകരിച്ചു.

അതേസമയം, അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരെല്ലാം സ്ഥലംമാറ്റത്തിന് അപേക്ഷിക്കണമെന്ന വ്യവസ്ഥ ഉള്‍ക്കൊള്ളിച്ച് സ്ഥലംമാറ്റ നിര്‍ദ്ദേശങ്ങള്‍ വന്നതില്‍ കെ.എസ്.ടി.എ., എ.കെ.എസ്.ടി.യു., ജി.എസ്.ടി.യു. സംഘടനകള്‍ പ്രതിഷേധിച്ചു. അധ്യാപക സംഘടനാ ഭാരവാഹികളുമായി ചര്‍ച്ച നടത്തി സ്ഥലംമാറ്റ മാനദണ്ഡം രൂപവത്കരിച്ച ശേഷം വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കെ.എസ്.ടി.എ. സെക്രട്ടറി കെ.ഹരികൃഷ്ണനും എ.കെ.എസ്.ടി.യു. സെക്രട്ടറി എന്‍.ശ്രീകുമാറും കുറ്റപ്പെടുത്തി. സ്ഥലംമാറ്റ നിര്‍ദ്ദേശങ്ങള്‍ അധ്യാപകരെ ദ്രോഹിക്കാത്തവിധം ന്യായമായി നടപ്പാക്കണമെന്ന് ജി.എസ്.ടി.യു. പ്രസിഡന്റ് പി.എസ്.സലിം ആവശ്യപ്പെട്ടു.

പ്രശ്‌നം വിവാദമായതിനെ തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. സ്ഥലംമാറ്റ നിര്‍ദ്ദേശങ്ങളില്‍ അസ്വാഭാവികമായ വ്യവസ്ഥകള്‍ ഉള്‍പ്പെട്ടത് അഴിമതിക്കുവേണ്ടിയാണെന്ന ആരോപണവും ഉയര്‍ന്നു. പാഠപുസ്തക അച്ചടി കരാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്കുശേഷം സ്ഥലംമാറ്റ പ്രശ്‌നത്തിലും അഴിമതി ആരോപിക്കപ്പെട്ടത് വിദ്യാഭ്യാസവകുപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിവാദ ഉത്തരവ് മരവിപ്പിക്കാന്‍ തീരുമാനിച്ചത്.

© 2024 Live Kerala News. All Rights Reserved.