സുനന്ദ പുഷ്‌കര്‍ കൊലപാതകം: മൂന്ന് പേരുടെ നുണപരിശോധന നടത്തി

ദില്ലി: സുനന്ദ പുഷ്‌കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ സഹായി, സുഹൃത്ത്, ഡ്രൈവര്‍ എന്നിവരെ ദില്ലി പൊലീസ് നുണപരിശോധനക്ക് വിധേയരാക്കി. മൂന്ന് പേരും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയ സാഹചര്യത്തിലാണ് പ്രത്യേകന്വേഷണസംഘം നുണപരിശോധന നടത്തിയത്. സുനന്ദ പുഷ്‌കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് ശശി തരൂരിന്റെ സഹായി നാരായണ്‍ സിംഗ്, ഡ്രൈവര്‍ ബജ്റംഗി, സുഹൃത്ത് സഞ്ജയ് ദവാന്‍ എന്നിവരെ പ്രത്യേകന്വേഷണ സംഘം നുണപരിശോധനക്ക് വിധേയരാക്കിയത്. ഇതോടെ കേസില്‍ നുണപരിശോധനയ്ക്ക് വിധേയമാക്കിയവരുടെ എണ്ണം ആറായി. കേസുമായി ബന്ധപ്പെട്ട് സാക്ഷികളായ വികാസ് അഹ്‌ലാവത്, സഞ്ജയ് തക്രു, ആര്‍ കെ ശര്‍മ്മ എന്നിവരെ നേരത്തെ നുണപരിശോധനക്ക് വിധേയരാക്കിയിരുന്നു.

ദില്ലിയിലെ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ വെച്ചായിരുന്നു പരിശോധന. നാരായണ്‍ സിംഗും, ബജ്!റംഗിയും സഞ്ജയ് ദവാനും പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കുന്നുവെന്നും ചില കാര്യങ്ങള്‍ മറച്ചുവെക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് നുണപരിശോധനക്ക് അനുമതി തേടിയത്. സുനന്ദ കൊല്ലപ്പെട്ട കഴിഞ്ഞ വര്‍ഷം ജനുവരി 17ന് രാത്രിയില്‍ മുറിയില്‍ വൈദ്യുതി പോയിരുന്നു. എന്നാല്‍ ഇക്കാര്യം മൂന്ന് പേരും ചോദ്യം ചെയ്യലില്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നില്ല.

പാകിസ്ഥാനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിനുണ്ടായിരുന്ന അടുപ്പം, സുനന്ദയുടെ ശരീരത്തിലെ മുറിവുകള്‍ എന്നീ കാര്യങ്ങളെ കുറിച്ച് നാരായണ്‍ സിംഗും ബജ്റംഗിയും പൊലീസിന് മറുപടി നല്‍കിയിരുന്നില്ല.ഈ വിവരങ്ങളാണ് നുണപരിശോധനയില്‍ ചോദിച്ചറിഞ്ഞതെന്നാണ് വിവരം. നുണപരിശോധന സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ദില്ലി പൊലീസ് വിസമ്മതിച്ചു. കേസുമായി ബന്ധപ്പെട്ട് തരൂരിനെ മൂന്ന് തവണയാണ് ഡിസിപി പ്രേംനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. നുണ പരിശോധന റിപ്പോര്‍ട്ടും സുനന്ദയുടെ ആന്തരിവയവങ്ങളുടെ സാമ്പിളുകള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടും ലഭിച്ചതിന് ശേഷം തരൂരിനെ വീണ്ടും ചോദ്യം ചെയ്യണമോയെന്ന കാര്യത്തില്‍ പൊലീസ് തീരുമാനമെടുക്കും.