സിറിയയില്‍ ആഭ്യന്തര കലാപം തുടരുന്നതിനടെ റഷ്യ സൈന്യത്തെ പിന്‍വലിക്കുന്നു; ഇടപെടലിന്റെ ലക്ഷ്യം പൂര്‍ത്തിയായതായി വ്ളാദിമിര്‍ പുടിന്‍

മോസ്‌കോ: ആഭ്യന്തര കലാപം തുടരുന്നതിനിടെയിലും സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യയുടെ തീരുമാനം. ചൊവാഴ്ച അര്‍ദ്ധരാത്രി മുതല്‍ സൈനിക പിന്‍മാറ്റമുണ്ടാകുമെന്ന്് ക്രംലിനില്‍ ചേര്‍ന്ന പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതരുടെ യോഗത്തിനു ശേഷം പ്രസിഡന്റ് വഌദിമര്‍ പുടിന്‍ വ്യക്തമാക്കി.
സിറിയയിലെ റഷ്യന്‍ ഇടപെടല്‍ അതിന്റെ ലക്ഷ്യം വലിയൊരു അളവുവരെ പൂര്‍ത്തീകരിച്ചുവെന്നും പുടിന്‍ അറിയിച്ചു. എന്നാല്‍ മെയ്മിം വ്യോമതാവളവും മെഡിറ്ററേനിയന്‍ തുറമുഖവും ഒഴിയില്ലെന്നും റഷ്യ അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് തീരുമാനമെന്നും റഷ്യ വ്യക്തമാക്കി. അഞ്ചു വര്‍ഷമായി തുടരുന്ന സിറിയന്‍ സംഘര്‍ഷത്തില്‍ ജനീവയില്‍ യു.എന്നിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുതിയ സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി കൂടിയാണ് റഷ്യയുടെ പിന്‍മാറ്റം.
സിറിയയില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് ഈ മാര്‍ച്ചില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കും. സിറിയന്‍ ഭരണകൂടത്തിന് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് കഴിഞ്ഞ സെപ്തംബറിലാണ് റഷ്യ ഇവിടെ വ്യോമാക്രമണം ആരംഭിച്ചത്. സിറിയിലെ വിമതരില്‍ നിന്നും ഭൂപ്രദേശം തിരിച്ചുപിടിക്കുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. പ്രതിരോധ മന്ത്രാലയവും സൈന്യവും നടത്തിയ ദൗത്യം വിദഗ്ധമായി പൂര്‍ത്തിയാക്കിയ ഘട്ടത്തില്‍ സിറിയന്‍ അറബ് റിപ്പബ്ലിക്കില്‍ നിന്ന് പിന്‍മാറ്റ നടപടി ആരംഭിക്കാന്‍ നിര്‍ദേശം നല്‍കുകയാണെന്ന് പുടിന്‍ പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം, സിറിയയിലെ സൈനീക നീക്കത്തിനുണ്ടാകുന്ന വന്‍ സാമ്പത്തിക ബാധ്യതയാണ് റഷ്യയുടെ പിന്‍മാറ്റത്തിനു പിന്നിലെന്നും സൂചനയുണ്ട്. ഇതിനു പുറമേ രാജ്യാന്തര തലത്തില്‍ റഷ്യയ്ക്കുണ്ടായ ഒറ്റപ്പെടലും പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും പിന്‍മാറാന്‍ റഷ്യയെ പ്രേരിപ്പിച്ചുവെന്നാണ് നിരീക്ഷണം. സിറിയയിലെ ഇടപെടല്‍ യു.എസുമായുള്ള ബന്ധത്തെയും ബാധിച്ചിരുന്നു. അഞ്ചു വര്‍ഷം പിന്നിടുന്ന ആഭ്യന്തര യുദ്ധത്തില്‍ രണ്ടര ലക്ഷത്തില്‍ ഏറെ പേരാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. റഷ്യയുടെ വ്യോമാക്രമണത്തില്‍ 4408 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 1733 പേര്‍ സിവിലിയന്‍മാരാണ്. പൊടുന്നനെയുള്ള റഷ്യയുടെ പിന്‍മാറ്റകാരണം വ്യക്തമല്ല.

© 2024 Live Kerala News. All Rights Reserved.