സംസ്ഥാനത്ത് കരിമ്പനി സ്ഥിരീകരിച്ചു

തൃശൂര്‍:സംസ്ഥാനത്ത് കരിമ്പനി സ്ഥിരീകരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്നയാളിലാണ് കരിമ്പനി കണ്ടെത്തിയത്. മുള്ളൂര്‍ക്കര സ്വദേശിയിലാണ് രോഗം കണ്ടെത്തിയത്. രോഗം സംശയിക്കുന്ന മറ്റ് രണ്ടുപേരും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 2012ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് കിരമ്പനി രോഗം സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ച മുള്ളൂര്‍ക്കര ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്.

രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ ത്വക്കിന് കറുപ്പ് നിറം ബാധിക്കുന്നതിനാലാണ് കരിമ്പനി എന്നറിയപ്പെടുന്നത്. ഇത് കാലാ അസര്‍, ഡംഡം പനി എന്നിങ്ങനെയും അറിയപ്പെടും. പ്രതിവര്‍ഷം അമ്പതിനായിരത്തോളം പേര്‍ ഈ രോഗം ബാധിച്ചു ലോകത്തു മരിക്കുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. സാന്‍ഡ് ഫ്ലൈ എന്നയിനം ഈച്ച വഴിയാണ് രോഗം പകരുന്നത്. പട്ടി, കുറുക്കന്‍, പൂച്ച എന്നീ മൃഗങ്ങളില്‍നിന്നും രോഗം പകരാം.

രോഗം തുടക്കത്തിലേ കണ്ടെത്തിയാല്‍ രണ്ടാഴ്ചത്തെ ചികില്‍സകൊണ്ടു ഭേദമാക്കാം. എന്നാല്‍ രോഗലക്ഷണങ്ങള്‍ അഞ്ചു-ആറു മാസം കൊണ്ടുമാത്രമെ പ്രത്യക്ഷപ്പെടുകയുള്ളു. രോഗാണു ശരീരത്തിനുള്ളിലെത്തിയാല്‍ മാസങ്ങള്‍ക്കുശേഷമാകും രോഗി ഗുരുതരാവസ്ഥയിലാകുക.

2011ല്‍ കോഴിക്കോട്ട് മൂന്നരവയസുകാരനിലാണ് കരിമ്പനി ആദ്യമായി കണ്ടെത്തിയത്. 2011-12 വര്‍ഷങ്ങളിലായി ആറുപേരിലാണ് സംസ്ഥാനത്ത് രോഗം കണ്ടെത്തിയത്. ഇതില്‍ പാലക്കാട് സ്വദേശി കരിമ്പനി ബാധിച്ചു മരിക്കുകയും ചെയ്തു

© 2024 Live Kerala News. All Rights Reserved.