ഐവറി കോസ്റ്റിലെ റിസോര്‍ട്ട് ടൗണില്‍ അല്‍ഖ്വയ്ദ ഭീകരാക്രമണം നടത്തി; വെടിവെപ്പില്‍ 16 മരണം

ഗ്രാന്‍ഡ് ബാസം: ഐവറി കോസ്റ്റിലെ റിസോര്‍ട്ട് ടൗണില്‍ അല്‍ഖ്വയ്ദ ഭീകരാക്രമണം നടത്തി. വെടിവെപ്പില്‍ 16 മരണം. ഗ്രാന്‍ഡ് ബാസം എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്. കടല്‍ തീരവും ബാറുകളും നിരവധി ഹോട്ടലുകളുമുള്ള പ്രദേശമാണിത്. നിരവധി പാശ്ചാത്യര്‍ സന്ദര്‍ശിക്കാറുള്ള സ്ഥലമാണിത്. കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് വെടിവയ്പ്പ് ഉണ്ടായത്. തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ഗ്രനേഡുകളുടെയും ആയുധങ്ങളുടെയും ചിത്രങ്ങളും ഇദ്ദേഹം പകര്‍ത്തി. രണ്ടു പേര്‍ക്ക് പരുക്കേറ്റതായും ദൃക്‌സാക്ഷി പറഞ്ഞു.

വെടിവയ്പ്പ് നടത്തിയവര്‍ അല്‍ഖ്വയ്ദയുടെ ഉത്തര ആഫ്രിക്കന്‍ സംഘമാണെന്നാണ് സൂചന. ആറ് പേരാണ് ആക്രമണം നടത്തിയതെന്ന് ഐവറികോസ്റ്റ് പ്രസിഡന്റ് പറഞ്ഞു. 14 പ്രദേശവാസികളുടെയും രണ്ട് സൈനികരുടെയും ജീവനാണ് നഷ്ടമായത്. ഒരു ഫ്രഞ്ച് പൗരന്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടുവെന്ന് ഫ്രഞ്ച് വിദേശകാര്യ വക്താവ് അറിയിച്ചു. മറ്റുള്ളവര്‍ ഏതുരാജ്യത്തു നിന്നുള്ളവരാണെന്ന് വ്യക്തമല്ല. എന്നാല്‍ യൂറോപ്പില്‍ നിന്നുള്ള നാലു പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

© 2024 Live Kerala News. All Rights Reserved.