ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു; ഞെട്ടലോടെ ലോകരാജ്യങ്ങള്‍

സോള്‍: ഉത്തരകൊറിയ വീണ്ടും രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു. രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ 500 കിലോമീറ്റര്‍ സഞ്ചരിച്ചു കടലില്‍ പതിച്ചു. ഇതിനെതിരെ ജപ്പാന്‍ ബെയ്ജിങ്ങിലെ ഉത്തരകൊറിയയുടെ നയതന്ത്രകാര്യാലയത്തെ പ്രതിഷേധം അറിയിച്ചു. ദക്ഷിണകൊറിയയുമായുള്ള എല്ലാ വാണിജ്യ സഹകരണ പദ്ധതികളും റദ്ദാക്കുമെന്നും തങ്ങളുടെ അധീനതയിലുള്ള ദക്ഷിണകൊറിയയുടെ സ്വത്തുക്കള്‍ വിറ്റഴിക്കുകയോ ഏറ്റെടുക്കുകയോ ചെയ്യുമെന്നും ഉത്തരകൊറിയ അറിയിച്ചു. ദക്ഷിണകൊറിയയും യുഎസും സംയുക്ത സൈനികാഭ്യാസം നടത്തിയതിനെ തുടര്‍ന്ന് ഉത്തരകൊറിയ ഇരുരാജ്യങ്ങള്‍ക്കുമെതിരെ ആണവായുധം പ്രയോഗിക്കുമെന്നു ഭീഷണി മുഴക്കിയിരുന്നു. ബാലിസ്റ്റിക് മിസൈലുകളില്‍ ആണവ പോര്‍മുനകള്‍ ഘടിപ്പിക്കാനും കഴിഞ്ഞദിവസം ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടിരുന്നു. പോര്‍മുനകള്‍ ഘടിപ്പിക്കുന്ന പ്രവര്‍ത്തനം നടന്നുവരുന്ന മേഖലകളില്‍ സന്ദര്‍ശനം നടത്തിയ കിം രാജ്യത്തിനെതിരായ ആക്രമണങ്ങളെ തടയുന്നതിനായി ആണവായുധങ്ങളുടെ ശേഖരം നിര്‍മിക്കണമെന്ന് ഗവേഷകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തരകൊറിയുടെ കൈവശം നിരവധി ഹ്രസ്വദൂര മിസൈലുകള്‍ ഉണ്ട്. ദീര്‍ഘദൂര മിസൈലുകളും ഭൂഖണ്ഡാന്തര മിസൈലുകളും വികസിപ്പിക്കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.