ഹൈദരബാദ്: സ്ത്രീകള്‍ക്ക് വീട്ടുകാര്യവും പ്രസവിക്കാനുമേ കഴിവുള്ളുവെന്ന് പറഞ്ഞ കാന്തപുരം മുസ്ല്യാര്‍ക്ക് ഇവരെ അറിയുമോയെന്നറിയില്ല. മോഹന സിംഗ്, ഭാവന കാന്ത്, അവാനി ചതുര്‍വേദി എന്നിവര്‍ ഇനി യുദ്ധവിമാനങ്ങളും പറത്തും. രാജ്യത്തിന്റെ പോര്‍വിമാനങ്ങള്‍ പറത്തി ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ് മൂന്ന് പെണ്‍പുലികള്‍. ജൂണ്‍ 18ന് ഇവര്‍ ആദ്യമായി പോര്‍ വിമാനങ്ങള്‍ പറത്തും. ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലാദ്യമായാണ് യുദ്ധവിമാനങ്ങള്‍ പറത്താന്‍ വനിതകള്‍ തയ്യാറെടുക്കുന്നത്. ഹൈദരാബാദിലെ വ്യോമസേന അക്കാദമിയില്‍ പരിശീലനത്തിലാണ് ഇവര്‍. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലാണ് പരിശീലനം ആരംഭിച്ചത്.വ്യോമസേനയില്‍ ചേര്‍ന്നപ്പോള്‍ ഇത്തരത്തില്‍ ഒരു അവസരം ലഭിക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും എന്നാല്‍ അവസരം ലഭിച്ചപ്പോള്‍ അതിന് തയ്യാറായെന്നും മോഹന സിംഗ് പറഞ്ഞു. പരിശീലകരാണ് ഇത് ഏറ്റെടുക്കാന്‍ തനിക്ക് പ്രചോദനമായതെന്ന് അവാനി പറഞ്ഞു. കുട്ടിക്കാലം മുതലുള്ള സ്വപ്നം നടപ്പാക്കുകയാണെന്നായിരുന്നു ഭാവനയുടെ വാക്കുകള്‍. വനിതാശാക്തീകരണത്തിന്റെ ഉത്തമമാതൃകള്‍ കൂടിയാവുകയാണ് വ്യോമസേനയിലെ ഈ ധീരവനിതകള്‍. എല്ലാമേഖലയിലും സ്ത്രീകള്‍ ശക്തമായ സാന്നിധ്യമാകുന്ന കാലത്താണ് കാന്തപുരത്തെപ്പോലുള്ളവരുടെ അസഹിഷ്ണുത പുറത്തുചാടുന്നത്.