കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരും സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ഇന്നലെ അർധരാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന. കുൽഗാമിലെ ഗ്രാമത്തിലെ ഒരു വീട്ടിൽ ഭീകരർ ഉണ്ടെന്ന വിവരത്തെത്തുടർന്ന് സൈന്യവും പൊലീസും സംയുക്തമായി തിരച്ചിൽ നടത്തുകയായിരുന്നു.

ഭീകരരെ രക്ഷിക്കുന്നതിനായി നാട്ടുകാരിൽ ചിലർ സൈന്യത്തിനു നേരെ കല്ലെറിഞ്ഞതായി ‌റിപ്പോർട്ടുണ്ട്. തുടർന്ന് കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ സുരക്ഷാസേനയ്ക്കുനേരെ വെടിയുതിർത്തു. ഇതോടെ സൈന്യവും തിരിച്ചടിച്ചു. മണിക്കൂറുകൾ നീണ്ടു നിന്ന ‌ഏറ്റുമുട്ടലിന് ശേഷമാണ് രണ്ടു ഭീകരരെ വധിച്ചത്. ഇതിനിടെ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു.

ജമ്മു കശ്മീരിൽ ഇന്ത്യൻ അതിർത്തിയിലെ ബിഎസ്എഫ് പോസ്റ്റുകൾക്കു നേരെ ഇന്നു പുലർച്ചെ പാക്കിസ്ഥാൻ വെടിവയ്പ് നടത്തിയിരുന്നു. ആർഎസ് പുര സെക്ടറിലാണ് പുലർച്ചെ 3.10 ഓടെ വെടിവയ്പുണ്ടായത്. പ്രകോപനമൊന്നുമില്ലാതെ പാക്കിസ്ഥാൻ വെടിവയ്ക്കുകയായിരുന്നു. ചെറിയ ഓട്ടോമാറ്റിക് ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.