ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി ടെന്നീസ് താരം മരിയ ഷറപ്പോവയുടെ കുറ്റസമ്മതം; നിരോധിത മരുന്നായ മെല്‍ഡോണിയമാണ് കഴിച്ചത്

ലോസ് ആഞ്ചലസ്: ഉത്തേജക മരുന്ന് പരിശോധനയില്‍ താന്‍ പരാജയപ്പെട്ടിരുന്നു എന്ന് ലോക മുന്‍ ഒന്നാം നമ്പര്‍ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ കുറ്റസമ്മതം. ഷറപ്പോവ മെല്‍ഡോണിയം എന്ന നിരോധിച്ച പദാര്‍ത്ഥം ഉപയോഗിച്ചു എന്നാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ കണ്ടെത്തിയത്. 2006 മുതല്‍ ഇത് ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍ അന്ന് അത് നിരോധിത വസ്തു ആയിരുന്നില്ലെന്നും ഷറപ്പോവ പറഞ്ഞു. ഈവര്‍ഷം മുതലാണ് ഉത്തജക വിരുദ്ധ സമിതി മെല്‍ഡോണിയം നിരോധിത മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഈ പട്ടിക ശ്രദ്ധിച്ചില്ലെന്നും അതാണ് ഇത്തരം ഒരു പിഴവ് വരാന്‍ കാരണമെന്നും ഷറപ്പോവ പറഞ്ഞു.

ഷറപ്പോവ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു എന്ന് ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്‍ സ്ഥിരീകരിച്ചു. ഷറപ്പോവയെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തു എന്നും ടെന്നീസ് ഫെഡറേഷന്‍ അറിയിച്ചു. ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഒളിമ്പികിസ് മത്സരത്തില്‍ ഷറപ്പോവയ്ക്ക് പങ്കെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് റഷ്യന്‍ ടെന്നീസ് ഫെഡറേഷന്‍ മേധാവി ഷാമില്‍ തര്‍പിഷേവ് പ്രതികരിച്ചു. ഡോക്ടര്‍മാരുടേയും ഫിസിയോ തെറാപിസ്റ്റുകളുടേയും നിര്‍ദ്ദേശ പ്രകാരം കായിക താരങ്ങള്‍ വിവിധം തരം മരുന്നുകള്‍ ഉപയോഗിക്കാറുണ്ട്.

© 2024 Live Kerala News. All Rights Reserved.