ദക്ഷിണകൊറിയയില്‍ മെര്‍സ് പിടിപെട്ടവരുടെ എണ്ണം 169 ആയി

സിയോള്‍: ദക്ഷിണകൊറിയയില്‍ മിഡില്‍ ഈസ്റ്റ് റെസിപിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) പിടിപെട്ടവരുടെ എണ്ണം 169 ആയി. ഞായറാഴ്ച മൂന്നുപേര്‍ക്കുകൂടി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയ രോഗികളില്‍ രണ്ട് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്ന് ദക്ഷിണകൊറിയന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരിലൊരാള്‍ സിയോളില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് മെഡിക്കല്‍ സെന്ററിലെ ഡോക്ടറാണെന്നും മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. മെര്‍സ് രോഗിയുടെ എക്‌സറെ എടുത്ത ടെക്‌നീഷ്യനാണ് മറ്റൊരാള്‍.

ദക്ഷിണകൊറിയയില്‍ മെര്‍സ് പിടിപെട്ട് മരിച്ചവരുടെ എണ്ണം 25 ആയിട്ടുണ്ട്. രോഗം പിടിപെട്ടവരില്‍ 14.8 ശതമാനം പേരും മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രോഗം പൂര്‍ണമായും ഭേദമായ ഏഴുപേരെ ആസ്പത്രിയില്‍ നിന്നും വിട്ടയച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധയുള്ളതായി സംശയമുള്ള 4,035 പേരെ പ്രത്യേക കേന്ദ്രങ്ങളില്‍ നീരിക്ഷിക്കുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.