മാവോയിസ്റ്റുകള്‍ രാജ്യദ്രോഹികളല്ല, കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളാണ്; അവരെ ദീര്‍ഘകാലം ജയിലിടാനുള്ള നീക്കം അംഗീകരിക്കാനാകില്ല; നേതാക്കളെ ജയിലില്‍ സന്ദര്‍ശിച്ച് കാനം രാജേന്ദ്രന്‍ നിലപാട് വ്യക്തമാക്കി

കോയമ്പത്തൂര്‍: മാവോയിസ്റ്റുകള്‍ ദേശദ്രോഹികളല്ല. അവരും കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളാണ്.മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചശേഷമാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്. അവര്‍ ഉന്നയിക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളാണെന്നും അവയെ ശരിയായി അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നതിനു പകരം യു.എ.പി.എ., എന്‍.എസ്.എ തുടങ്ങിയ ഭീകര നിയമങ്ങള്‍ ഉപയോഗിച്ച് മാവോയിസ്റ്റുകളെ ദീര്‍ഘകാലം ജയിലിടാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

12795536_10207860086876835_454332152793564518_n

മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ഷൈന, അനൂപ് മാത്യു എന്നിവരെ ഇന്ന് ജയിലില്‍ സന്ദര്‍ശിച്ച വേളയിലാണ് മാവോയിസ്റ്റുകളോട് ഭരണകൂടം പുലര്‍ത്തുന്ന അനീതി നിറഞ്ഞ സമീപനത്തിനെതിരെ കാനം ആഞ്ഞടിച്ചത്. മാവോയിസ്റ്റുകളുടെ സായുധ മാര്‍ഗവുമായി ബന്ധപ്പെട്ട് വിയോജിപ്പുകള്‍ ഉണ്ടെങ്കിലും അവര്‍ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ തന്നെയാണെന്നും അവരോട് ഭരണകൂടം പുലര്‍ത്തുന്ന സമീപനം അംഗീകരിക്കാന്‍ കഴിയുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു. ഒരുവശത്ത് വലതുപക്ഷ ഭരണകൂടം മാവോയിസ്റ്റുകളെ ദേശ ദ്രോഹികളായി മുദ്രകുത്താന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതിനിടയില്‍ ഇന്ത്യയിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖ നേതാവ് തന്നെ തടവില്‍ കഴിയുന്ന മാവോയിസ്റ്റുകളെ ജയിലില്‍ സന്ദര്‍ശിച്ചത് രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ കൗതുകം ജനിപ്പിക്കുകയാണ്. കാനത്തിനോടൊപ്പം സിപിഐ നേതാവും വാല്‍പ്പാറ എം.എല്‍ .എയുമായ എം.അറുമുഖവും ജയിലെത്തി. മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും കാണണമെന്ന ആഗ്രഹത്തിലാണ് കാനം എത്തിയതെങ്കിലും രൂപേഷിനെ വയനാട്ടിലേക്ക് കൊണ്ടുപോയതിനാല്‍ കാണുവാന്‍ കഴിഞ്ഞില്ല.

© 2024 Live Kerala News. All Rights Reserved.