യത്തീം ഖാനകളെ നിയമം പഠിപ്പിക്കാനൊരുങ്ങി മനുഷ്യാവകാശ കമ്മീഷന്‍ ഐജി എസ്. ശ്രീജിത്ത്

അനന്ദു രവി

കോഴിക്കോട്: സംസ്ഥാനത്തെ യത്തീഖാനകളെ ചട്ടങ്ങള്‍ പഠിപ്പിക്കാന്‍ വിപുലമായ പദ്ധതിയുമായി മനുഷ്യാവകാശ കമ്മീഷന്‍ ഐജി എസ്. ശ്രീജിത്ത്. പദ്ധതിയുടെ ഭാഗമായി യത്തിംഖാനകളുടെ നടത്തിപ്പുകാരെ നിയമ ബോധവല്‍ക്കരണം നടത്തും. ഇതിനകം ആറ് ജില്ലകളിലെ യത്തീം ഖാന നടത്തിപ്പുകാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കിയിട്ടുണ്ട്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ യത്തീംഖാന നടത്തിപ്പുകാര്‍ക്കാണ് നിയമ ബോധവല്‍ക്കരണം നടത്തിയത്. ഭൂരിഭാഗം ക്ലാസ്സുകളിലും 95% ന് മുകളില്‍ പങ്കാളിത്തം ഉണ്ടായിരുന്നതായി കേരള സ്റ്റേറ്റ് മുസ്ലീം ഓര്‍ഫണേജസ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബഷീര്‍ കൊല്ലപ്പാടം ലൈവ് കേരള ന്യൂസിനോട് പറഞ്ഞു.

നിയമവിധേയമായി എങ്ങനെയാണ് അനാഥ ശാലകള്‍ നടത്തുക, അന്യസംസ്ഥാനത്ത് നിന്ന് കുട്ടികളെ കൊണ്ടുവരുന്നതിന് നിലവില്‍ പാലിക്കേണ്ട ചട്ടങ്ങള്‍. വിദേശ ഫണ്ട് സ്വീകരിക്കുന്നതിലെ നിയമങ്ങള്‍. എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ഐജി ശ്രീജിത്ത് ബോധവല്‍ക്കരണം നടത്തുന്നത്. പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായ കേരള സ്റ്റേറ്റ് മുസ്ലീം ഓര്‍ഫണേജസ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷനാണ് പരിപാടി ഏകോപിപ്പിക്കുന്നത്.

മുക്കം, കൊച്ചി കുട്ടിക്കടത്ത് കേസുകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ പൂതിയ നീക്കം.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് സിബിഐ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയെ അറിയിച്ചത്. വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ സിബിഐ കുട്ടികളെ കേരളത്തിലെത്തിക്കുന്നത് സംശയാസ്പദമാണെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വര്‍ഷംതോറും അഞ്ഞൂറോളം കുട്ടികളാണ് കേരളത്തിലെത്തുന്നതെന്നാണ് കണക്ക്്. ഇവര്‍ എവിടേക്കാണ് പോകുന്നതെന്നോ, കൊണ്ടുവരുന്നവര്‍ക്ക് പിന്നീട് എന്തു സംഭവിക്കുന്നുവെന്നോ ഉള്ള കാര്യം വിശദമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.

ബിഹാര്‍, ജാര്‍ഖണ്ഡ്, ആസാം തുടങ്ങി ഉത്തരേന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളില്‍ നിന്നുള്ള മുസ്ലീം കുട്ടികളാണ് പ്രധാനമായും കേരളത്തിലെത്തുന്നത്. കുട്ടികളെ കൊണ്ടുവരുന്നതിനായി പ്രത്യേക ഏജന്റുമാരുണ്ടെന്നും അവര്‍ വീട്ടുകാര്‍ക്ക് പണം നല്‍കുന്നുണ്ടെന്നും നേരത്തെ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ അനാഥാലയത്തിലേക്ക് കൊണ്ടുവരുന്ന കുട്ടികളെ അനാഥാലയുവമായി ബന്ധപ്പെട്ടുള്ള സ്‌കൂളുകളില്‍ ചേര്‍ത്ത് ഡിവിഷന്‍ വര്‍ധിപ്പിക്കുന്നതായും കണ്ടെത്തി. അധ്യാപക നിയമനം വഴി ലക്ഷക്കണക്കിന് രൂപ ചില മാനേജ്‌മെന്റ് സമ്പാദിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് യത്തീംഖാനകളെ ബോധവല്‍ക്കനുള്ള ശ്രമവുമായി മനുഷ്യാവകാശ് കമ്മീഷന്‍ മുന്നോട്ട് പോകുന്നത്. ബോധവല്‍ക്കരണ ക്ലാസ്സുകളിലെ പങ്കാളിത്തം ശുഭ സൂചനയായിട്ടാണ് മനുഷ്യാവകാശ കമ്മീഷന്‍ കാണുന്നത്.

© 2024 Live Kerala News. All Rights Reserved.