അടിയന്തരഘട്ടങ്ങളില്‍ ആംബുലന്‍സിനു പകരം ഹെലികോപ്റ്റര്‍: ആഭ്യന്തരമന്ത്രി

 

തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സിനു പകരം ഹെലികോപ്റ്റര്‍ അനുവദിക്കുന്നതിലെ സാധ്യത പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാറുമായി ചര്‍ച്ച നടത്തും. ആംബുലന്‍സുകള്‍ക്കും ഗതാഗതനിയമം ബാധകമാണ്. ഡിജിപിയും ഗതാഗത കമ്മിഷണറും തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്നും ചെന്നിത്തല പറഞ്ഞു.

രോഗിയുമായി പോകുന്ന ആംബുലന്‍സുകള്‍ക്ക് വേഗപരിധി ബാധകമാക്കരുതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി: ആര്‍. ശ്രീലേഖ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കണം എന്നാവശ്യപ്പെട്ട് എഡിജിപി സര്‍ക്കാരിന് കത്തയച്ചു. ആംബുലന്‍സുകളെ വേഗ നിയന്ത്രണത്തില്‍ നിന്നൊഴിവാക്കണമെന്നു കാട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കത്തയക്കുകയും ചെയ്തു. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നായിരുന്നു നടപടി.

ആംബുലന്‍സുകള്‍ക്ക് അമിത വേഗം പാടില്ലെന്ന ഡിജിപി: ടി.പി. സെന്‍കുമാറിന്റെ നിര്‍ദേശത്തിന് വിരുദ്ധമായ നിലപാടാണ് ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി: ആര്‍.ശ്രീലേഖ സ്വീകരിച്ചിരിക്കുന്നത്. ആംബുലന്‍സുകളെ വേഗപരിധിയില്‍ നിന്ന് ഒഴിവാക്കി വിജ്ഞാപനമിറക്കണമെന്നുകാട്ടിയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കാരിന് കത്തയച്ചിരിക്കുന്നത്.

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ആംബുലന്‍സിന് വേഗപരിധി നിര്‍ബന്ധമല്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തും വേഗനിയന്ത്രണം ആവശ്യമില്ല. രോഗികളുമായി വരുന്ന ആംബുലന്‍സ് നിയമം ലംഘിക്കുകയാണെങ്കിലും നടപടിയെടുക്കരുതെന്ന് കാട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുമുണ്ട്. നിരീക്ഷണ ക്യാമറയില്‍ കുറ്റം പതിഞ്ഞാലും നോട്ടീസ് അയക്കരുത്.

വിലപ്പെട്ട മനുഷ്യജീവന്‍ രക്ഷിക്കാനുള്ള പരക്കം പാച്ചിലിനിടയിലെ ഇത്തരം നിയമലംഘനങ്ങള്‍ കണക്കിലെടുക്കരുത്. എന്നാല്‍ അത്യാഹിത സന്ദര്‍ഭത്തില്‍ അല്ലെങ്കില്‍ പിഴ ഈടാക്കാവുന്നതാണെന്നും സര്‍ക്കുലറിലുണ്ട്. രക്ത സാംപിളുമായി പോയ ആംബുലന്‍സ് വാഹന പരിശോധനയുടെ പേരില്‍ കൊല്ലത്തുവച്ച് പൊലീസ് രണ്ടുതവണ തടഞ്ഞ വാര്‍ത്ത നേരത്തെ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു.

രക്ത സാംപിളുമായി പോയ ആംബുലന്‍സ് വാഹന പരിശോധനയുടെ പേരില്‍ കൊല്ലത്തുവച്ച് പൊലീസ് രണ്ടുതവണ തടഞ്ഞ വാര്‍ത്ത നേരത്തെ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് കൊല്ലം പൊലീസ് കമ്മീഷണര്‍ പൊലീസിന്റെ നടപടി സാധൂകരിച്ചുകൊണ്ട് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. പിന്നാലെ, ആംബുലന്‍സുകള്‍ക്ക് അമിതവേഗം അരുതെന്ന് ഡിജിപി നിലപാട് എടുക്കുകയും ചെയ്തു. ഡിജിപിയുടെ നിലപാടിനെതിരെ വ്യാപകമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഇടപെടല്‍.

© 2022 Live Kerala News. All Rights Reserved.