സുഷമയ്ക്കും വസുന്ധര രാജയ്ക്കും പാര്‍ട്ടി പിന്തുണ; രാജി വേണ്ടെന്ന് ബിജെപി

ദില്ലി: ലളിത് മോദിയെ സഹായിച്ചെന്ന ആരോപണം നേരിടുന്ന സുഷമാസ്വരാജും വസുന്ധരരാജയും രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ബിജെപി വ്യക്തമാക്കി. അഴിമതി നടന്നിട്ടില്ല എന്ന് വിലയിരുത്തിയാണ് ഇരുവരെയും സംരക്ഷിക്കാന്‍ ബിജെപി തീരുമാനിച്ചത്. ലളിത് മോദി വസുന്ധര രാജെയയുടെ മകന്‍ ദുഷ്യന്ത് സിംഗിന്റെ കമ്പനിയില്‍ നിക്ഷേപം നടത്തിയതിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടരുകയാണ്. വസുന്ധരയുടെ രാജിക്കായി സമ്മര്‍ദ്ദം ശക്തമാകുമ്പോഴാണ് ബിജെപി അവരുടെ രാജി ആവശ്യമില്ലെന്ന തീരുമാനം എടുത്തിരിക്കുന്നത്.

ഇന്നലെ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. പാര്‍ട്ടിയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന നിര്‍ദ്ദേശമാണ് ആര്‍എസ്എസ് നല്കിയിരിക്കുന്നത്. ഇരുവര്‍ക്കും എതിരെയുള്ള ആരോപണങ്ങളില്‍ അഴിമതി നടന്നതിന് തെളിവില്ലെന്ന് ബിജെപി വ്യക്തമാക്കി. ദുഷ്യന്ത് സിംഗിന്റെ കമ്പനിയിലേക്ക് വന്ന എല്ലാ നിക്ഷേപവും ആദായ നികുതി വകുപ്പിനെ അറിയിച്ചതാണെന്ന് രാജസ്ഥാന്‍ ബിജെപി വിശദീകരിച്ചു. ദോല്‍പൂര്‍ കൊട്ടാരം ഉള്‍പ്പടെ മൂന്നു പ്രധാന വസ്തുക്കള്‍ ഈ കമ്പനിയുടെ കീഴിലായതു കൊണ്ടാണ് വലിയ നിക്ഷേപം വന്നതെന്നും ബിജെപി പറയുന്നു.

മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി സുഷമാ സ്വരാജുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയത് മോദി വിരുദ്ധ ക്യാംപ് സുഷമയ്ക്കു പിന്നില്‍ ഉറച്ചു നില്‍ക്കുന്നതിന്റെ സൂചനയായി. സുഷമാ സ്വരാജും വസുന്ധര രാജയും രാജിവയ്ക്കാതെ പാര്‍ലമെന്റ് പ്രവര്‍ത്തിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ലളിത് മോദിയെ സഹായിച്ചു എന്ന ആരോപണം നേരിടുന്ന ബ്രിട്ടീഷ് എംപി കീത് വാസ് ഇതിനിടെ പാര്‍ലമെന്റിന്റെ ഹോം സെലക്ട് കമ്മിറ്റി സ്ഥാനത്ത് തിരിച്ചെത്തി. വസുന്ധരയുടെ രാജി ആവശ്യപ്പെട്ടാല്‍ സുഷമ സ്വരാജിന്റെയും രാജി ആവശ്യപ്പെടേണ്ടി വരും എന്നതാണ് രാജി ആവശ്യമില്ലെന്ന നിലപാടിലെത്താന്‍ ബിജെപിയെ പ്രേരിപ്പിച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.