ലൈംഗികത പ്രചരിപ്പിക്കുകയോ പങ്കാളിയാവുകയോ ചെയ്യരുത്; ഉപാധികളോടെ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായര്‍ക്കും ജാമ്യം; ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല

കൊച്ചി : ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായര്‍ക്കും ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ലൈംഗികച്ചുവയുള്ള അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കുകയോ, പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്യുകയോ, ലൈംഗിക ചൂഷണ നടപടികളില്‍ ഉള്‍പ്പെടുകയോ ചെയ്യരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം. ഗുരുതര ആരോപണമുള്‍പ്പെട്ട കേസില്‍ അന്വേഷണം പൂര്‍ത്തിയാകാത്തതു പ്രതികള്‍ക്കു ജാമ്യത്തിനു വഴിയൊരുക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ അറസ്റ്റ് ചെയ്തു 90 ദിവസം കഴിഞ്ഞും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ അവര്‍ക്കു ജാമ്യത്തിന് അര്‍ഹതയുണ്ടെന്നു വ്യക്തമാക്കിയാണു ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ നിരോധന നിയമം ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള കുറ്റങ്ങളും ഐടി നിയമവും ഉള്‍പ്പെടുത്തി തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നും നാലും പ്രതികളാണിവര്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീലചിത്രം ഉള്‍പ്പെടുത്തി വെബ്‌സൈറ്റുണ്ടാക്കി, അതിലൂടെ ഇടപാടുകാരെ കണ്ടെത്തി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് എത്തിച്ചുനല്‍കുന്ന റാക്കറ്റിലെ കണ്ണികളാണിവരെന്നു പൊലീസ് ആരോപിച്ചിരുന്നു. റാക്കറ്റിന്റെ പ്രവര്‍ത്തനമേഖല കേരളത്തിനകത്തും പുറത്തും വ്യാപിച്ചുകിടക്കുന്നു. 2015 നവംബര്‍ 18ന് അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡിലായിരുന്നു. പ്രതികള്‍ പുറത്തിറങ്ങാന്‍ 75,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും നല്‍കണം. മൂന്നു മാസത്തേക്കു തിങ്കള്‍, ശനി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണം. പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ സറണ്ടര്‍ ചെയ്യണം. കേരളം വിടരുത്. പരാതിക്കാരെയോ സാക്ഷികളെയോ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിക്കരുത്. അന്വേഷണത്തില്‍ ഇടപെടരുതെന്നും കോടതി നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് നിരവധി പേര്‍ മൂന്ന് മാസത്തിനിടെ അറസ്റ്റിലായിരുന്നു.

© 2024 Live Kerala News. All Rights Reserved.