യുഎസ് പാക്കിസ്ഥാന് എഫ് 16 യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നതില്‍ ഇന്ത്യ അസംതൃപ്തി പ്രകടിപ്പിച്ചു; പാകിസ്ഥാന് നിരാശ

ഇസ്ലാമാബാദ്: യുഎസ് പാക്കിസ്ഥാന് എഫ് 16 യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നതില്‍ ഇന്ത്യ അസംതൃപ്തി പ്രകടിപ്പിച്ചതില്‍ പാക്കിസ്ഥാന് നിരാശ. പ്രതിരോധ ഉപകരണങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതി നടത്തുന്ന ഇന്ത്യയുടെ ആയുധശേഖരം വളരെ വലുതാണെന്നു പാക്കിസ്ഥാന്‍ വിദേശകാര്യവകുപ്പ് വിശദമാക്കി.

യുഎസും പാക്കിസ്ഥാനും ഒന്നിച്ചു ഭീകരവിരുദ്ധ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഭീകരര്‍ക്കെതിരെ ലക്ഷ്യവേധിയായ ആക്രമണത്തിനു പാക്കിസ്ഥാന്റെ കഴിവു മെച്ചപ്പെടുത്താനാണ് ആണവശേഷിയുള്ള എട്ട് എഫ് 16 വിമാനങ്ങള്‍ വില്‍ക്കുന്നതെന്നു യുഎസ് വ്യക്തമാക്കിയിരുന്നു. 70 കോടി ഡോളറാണ് ഇതിന്റെ വില. യുഎസ് അംബാസഡര്‍ റിച്ചഡ് വര്‍മയെ വിളിച്ചുവരുത്തിയാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ അതൃപ്തി അറിയിച്ചത്. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും പാക്കിസ്ഥാന്‍ ഇത് ഉപയോഗിക്കുകയെന്ന ഉത്കണ്ഠ സെക്രട്ടറി ബോധ്യപ്പെടുത്തി.