സംഗീത കുലപതി രാജാമണിക്ക് യാത്രമൊഴി; മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയ പ്രതിഭ

ചെന്നൈ: സംഗീത കുലപതി രാജാമണി(60) അന്തരിച്ചു. ഞായറാഴ്ച രിത്രി പതിനൊന്നോടെ ചെന്നൈയിലായിരുന്നു അന്ത്യം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ ബി.എ ചിദംബരനാഥിന്റെ മകനാണ് രാജാമണി. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതോളം ഗാനങ്ങള്‍ക്ക് ഈണമിട്ട രാജാമണി പശ്ചാത്തല സംഗീത സംവിധാലത്തിലാണ് കൂടുതല്‍ സജീവമായിരുന്നത്. മലയാളത്തില്‍ ആറാം തമ്പുരാന്‍ അടക്കം എഴുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് അദ്ദേഹം പശ്ചാത്തല സംഗീതമൊരുക്കിയിട്ടുണ്ട്. ആറാം തമ്പുരാന്‍ എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്‌കാരവും രാജാമണിയ്ക്ക് ലഭിച്ചു. ഇന്‍ ദി നേയിം ഓഫ് ബുദ്ധ എന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തിന് രാജ്യാന്തര പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു. താരമേ (ദ ന്യൂസ്), കൂട്ടില്‍നിന്നും മേട്ടില്‍ വന്ന (താളവട്ടം), സ്വയം മറന്നുവോ (വെല്‍ക്കം ടു കൊടൈക്കനാല്), നന്ദകിശോര (ഏകലവ്യന്‍) തുടങ്ങിയ മനോഹരങ്ങളായ ഗാനങ്ങള്‍ രാജമണിയുടേതായി മലയാളത്തിലുണ്ട്.