മലയാണ്‍മയില്‍ ലയിച്ച ഒഎന്‍വി; ഭാവഗാനങ്ങള്‍ക്ക് പ്രണയത്തിന്റെ മധുരം നല്‍കി മലയാളിയെ മോഹിപ്പിച്ച ഗാനരചയിതാവ്

എസ്. വിനേഷ്‌കുമാര്‍

നാടകപ്രവര്‍ത്തനും കവിയുമൊക്കെയാണെങ്കിലും മലയാളിക്ക് ഒഎന്‍വിയോടുള്ള ഇഴയടുപ്പം ചലചിത്രഗാനങ്ങളിലൂടെത്തന്നെയായിരുന്നു. ഭാവഗാനങ്ങളുടെ പട്ടിക പരിശോധിക്കുമ്പോള്‍ ഒഎന്‍വിയുടെ കയ്യൊപ്പില്ലാത്ത ഗാനങ്ങളൊന്നുപോലും അതില്‍ നിന്ന് മാറ്റിവെയ്ക്കാനാവാതെ കാലം സൂക്ഷിച്ചുവച്ചു. കേരളത്തിന്റെ ഞരമ്പുകളില്‍ പാലാഴി തീര്‍ത്ത ഗാനങ്ങളിലൂടെ കണ്ണോടിക്കുമ്പോഴാണ് ഒഎന്‍വിയുടെ സംഭാവനകള്‍ സ്തുതൃര്‍ഹമാകുന്നത്. തിളങ്ങുന്ന പൊന്നരിവാള്‍ സുഗന്ധം വീശുന്ന തൂലികയായി മലയാളിയുടെ ഹൃദയങ്ങളില്‍ കോറിയിട്ട വരികളാണ് പിന്നീട് പ്രണയത്തിന്റെയും വിഷാദത്തിന്റെയും വിരഹത്തിന്റെയും വിപ്ലവത്തിന്റെയും പുതിയ യുഗങ്ങള്‍ തേടി സഞ്ചരിച്ചത്. പുരസ്‌കാരങ്ങളും ബഹുമതികളും ഒഴുകിയെത്തിയിട്ടും എളിമയുടെ പര്യായമായ ഈ കോപക്കാരന്‍ കവി ജനഹൃദയങ്ങളില്‍ നിറഞ്ഞുനിന്നു.

വൈദേശികാധ്യപത്യത്തിനെതിരെ പോരാടിത്തളരാതെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഒളിവില്‍ കഴിയുന്ന കാലം കേരളത്തിന്റെ ഓര്‍മ്മയിലുണ്ട്. 1949ല്‍ അദേഹത്തിന്റെ ജന്മനാടായ കൊല്ലത്തുള്ള അഷ്ടമുടിക്കായലിലെ വള്ളപ്പുരയില്‍ ഒളിവില്‍ കഴിയുന്ന കേരളത്തിന്റെ ക്രൂഷ്‌ചേവ് എംഎന്‍ ഗോവിന്ദന്‍നായരുടെ പ്രേരണയില്‍ നിന്നാണ് പതിനെട്ടുകാരനായ ഒഎന്‍വിയുടെ തൂലികയില്‍ നിന്ന് ം വരികള്‍ ഉതിരുന്നത്. ഒപ്പം ഇരുപത്തൊന്നുകാരനായ ജി. ദേവരാജന്‍ എന്ന യുവസംഗീതജ്ഞനുമുണ്ട്. ഇരുവരും കമ്യൂണിസ്റ്റ് സഹയാത്രികര്‍. ‘നിങ്ങള്‍ രണ്ടുപേരും വെറുതെയിങ്ങനെ ഇരിക്കാതെ എന്തെങ്കിലുമൊക്കെ ഉണ്ടാക്ക്’ എന്ന് എം.എന്നിന്റെ പ്രേരണ. മാനത്തെ ചന്ദ്രക്കലനോക്കി ഒഎന്‍വി രണ്ടുവരി ചുണ്ടില്‍ വിളക്കി. ‘പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ.. ആ മരത്തിന്‍ പൂന്തണലില്‍ വാടി നില്‍ക്കുന്നോളേ..’.. അതായിരുന്നു ഒഎന്‍വി എന്ന മൂന്നരക്ഷരത്തിലേക്കുള്ള ദൂരം.

കമ്മ്യൂണിസ്റ്റുകാരുടെ വട്ടക്കൂട്ടങ്ങളില്‍ ഒഎന്‍വിയുടെ ഗാനങ്ങള്‍ പാടിക്കൊണ്ടാണ് നമ്മുടെ പ്രിയ സംഗീത സംവിധായകന്‍ ദേവരാജന്റെയും വളര്‍ച്ച. വിപ്ലവഗാനങ്ങള്‍ എഴുതുമ്പോഴാണ് ഒഎന്‍വി എന്ന ഗാനരചയിതാവ് കൂടുതല്‍ ആത്മസംതൃപ്തിയിലേക്ക് മുങ്ങാന്‍കുഴിയിട്ടത്. ലാല്‍ സലാം എന്ന വേണുനാഗവള്ളി ചിത്രത്തിലെ സാന്ദ്രമാം മൗനത്തിന്‍ കച്ചപുതച്ചു നീ എന്ന ഗാനം മലയാളിയുടെ മനസ്സിന്റെ വിങ്ങലായപ്പോള്‍ രക്തസാക്ഷികള്‍ സിന്ദാബാദിലെ നമ്മളുകൊയ്യും വയലെല്ലാം എന്ന ഗാനം ഇടുപക്ഷ സഹയാത്രികര്‍ക്ക് മാത്രമായിരുന്നില്ല, മലയാളിയുടെ ആവേശത്തിന് ഉര്‍ജ്ജം നിറയ്ക്കുന്നതായിരുന്നു. ജോണ്‍സണ്‍ മാഷിന്റെ മനോഹര സംഗീതസംവിധാനത്തില്‍ മലയാളിയുടെ ഹൃദയത്തില്‍ നിറഞ്ഞുതുളുമ്പിയ ഗാനമായിരുന്നു നേരം പുലരുമ്പോള്‍ എന്ന ചിത്രത്തിലെ എന്റെ മണ്‍വീണയില്‍ കൂടണയാനൊരു മൗനം പറന്നു വന്നു. ജോണ്‍സണ്‍ ഏറെ ഇഷ്ടപ്പെട്ട ഈ ഗാനം വിഷാദവും വിരഹവും അലിഞ്ഞുചേര്‍ന്നൊരു സംഗീതസൗരഭ്യമായാണ് ഒഴുകിയത്.

വൈശാലിയിലെ ദുന്ദുംദുന്ദും ദുന്ദുവിനാദം മുതല്‍ എല്ലാ ഗാനങ്ങളും ഗാനപ്രേമികള്‍ ഹൃദയത്തിലാണ് പ്രതിഷ്ഠിച്ചത്. നഖക്ഷതങ്ങളിലെ ആരെയും ഭാവഗായകനാക്കും, നീരാടുവാ നിളയില്‍ നീരാടുവാ തുടങ്ങിയ ഗാനങ്ങളും മലയാളിയുടെ സ്വകാര്യ അഹങ്കാരമായി. മാടപ്രാവെ വാ, പൊന്നുരുകും പൂക്കാലം നിന്നെ കാണാന്‍ വന്നു, പത്മരാജന്റെ നിത്യഹരിത ഹിറ്റ് ചിത്രമായ നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകളിലെ പവിഴംപോല്‍, ആകാശമാകെ എന്നീ ഗാനങ്ങള്‍ ആ കാലത്തെ യവ്വനത്തിന്റെ സിരകളെ കോരിത്തരിപ്പിച്ചു. ഈ ഗാനങ്ങളൊക്കെ ഇപ്പോഴും മലയാളിയുടെ ഹൃദയത്തിലുണ്ട്. ഒരു വട്ടംകൂടി കൂടിയാ പഴയവിദ്യാലയം, അരികെ നീ ഉണ്ടായിരുന്നുവെന്നു ഞാന്‍, പഞ്ചാഗ്നിയിലെ സാഗരങ്ങളെ തുടങ്ങിയ ഗാനങ്ങള്‍ ഒരു കാലഘട്ടത്തിലെ ക്യാമ്പസുകളില്‍ കാമുകഭാവത്തിന് ചൂടും ചൂരും പകരുന്നതായിരുന്നു.

നീര്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പിയ ഗാനങ്ങള്‍ മലയാളി ഉള്ളിടത്തോളം കാലം മൂളാതിരിക്കില്ല. പൊയ്കയില്‍ കളിപൊയ്കയില്‍ നീന്തിത്തുടിക്കുന്ന രാജശില്‍പ്പിക്ക് പ്രണയത്തിനൊപ്പം കാമത്തിന്റെ ഗന്ധവും സമ്മാനിച്ചത് ഒഎന്‍വിയുടെ വരികളായിരുന്നു. പൊന്‍പുലരൊളി പൂവിതറിയ കാളിന്ദിയുടെ തീരത്തൂടെ നടന്ന ഒഎന്‍വിയുടെ മധുരമായ വരികള്‍ ജാനകിയും സുശീലയും ചിത്രയും സുജാതയും യേശുദാസും ശ്രീകുമാറുമൊക്കെ കണ്ഠനാദമാക്കിയ കാലത്തിന്റെ ബാക്കിപത്രമായിരുന്നു അദേഹത്തിന്റെ ജീവിതം. സംഗീത സംവിധായകന്‍ രവീന്ദ്രന് വേണ്ടി തീവ്രമായ ഭാഷയുടെ പെരുക്കത്തില്‍ ഒന്‍വി എഴുതിയപ്പോള്‍ അതെല്ലാം മികച്ച ഗാനങ്ങളായി. മനുഷ്യജീവിതാവസ്ഥകളെ വരികളില്‍ ആവാഹിച്ചാണ് മലയാളിയുടെ നെഞ്ചിലേക്ക് അദേഹം എറിഞ്ഞുകൊടുത്തത്. ഇളയരാജ ചിട്ടപ്പെടുത്തിയ പഴശ്ശിരാജയിലെ ആദിയുഷസന്ധ്യപൂത്തതിവിടെയും കുന്നത്തെ കൊന്നയുമെല്ലാം പുതിയ തലമുറയെയും ഒഎന്‍വിയിലേക്ക് അടുപ്പിച്ചു.

രവീന്ദ്രന്‍, ഇളയരാജ, ദേവരാജന്‍, ജോണ്‍സണ്‍, ബോംബെ രവി തുടങ്ങിയ സംഗീത കുലപതികളുടെ ചിട്ടവട്ടങ്ങളില്‍ ഒഎന്‍വിയുടെ വരികള്‍ മധുരമായി ഒഴുകുകയായിരുന്നു. മലയാളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത, അനുഭവച്ചറിഞ്ഞിട്ടില്ലാത്ത ഈ അതുല്യപ്രതിഭയുടെ കാവ്യവഴികള്‍ എന്നും സംഗീതാത്മകമായിരുന്നു. ഒഎന്‍വിയുടെ വരികള്‍ തികയാത്ത താളുകളായി നമ്മള്‍ പരിമിതപ്പെടുമ്പോഴാണ് അദേഹത്തിന്റെ വിയോഗമുണ്ടാക്കിയ നഷ്ടം നാം മനസ്സിലാക്കുക. ആ ചാഞ്ഞ കൊന്നമരത്തിലെ പൂക്കളാണ് ഇനി നമ്മുടെ പ്രാണന്റെ ഊര്‍ജ്ജമാവുക.

© 2024 Live Kerala News. All Rights Reserved.